Publish Date: Fri, 09 Nov 2018 (14:50 IST)
Updated Date: Fri, 09 Nov 2018 (14:55 IST)
കൊച്ചി: ഒരാളുടെ മതവിശ്വാസം മറ്റൊരാളെ ഹനിക്കുന്ന തരത്തിലാവരുതെന്ന് ഹൈക്കോടതി. ശബരിമലയിൽ വിവാദങ്ങൾ സൃഷ്ടിച്ച രഹന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശനം.
അയ്യപ്പൻ ഹിന്ദുവല്ല എന്ന് ഫെയിസ്ബുക്കിൽ പോസ്റ്റിട്ടയാൾ എന്തിനാണ് ശബരിമല കയറിയതെന്നും നിങ്ങൾ വിശ്വാസിയാണോ എന്നും ഹൈക്കോടതി രഹനയോട് ചോദിച്ചു. മതവികാരം വൃണപ്പെടുന്ന തരത്തിൽ പ്രചരണം നടത്തി എന്ന കേസിലാണ് രഹന ഫത്തിമ മുൻകൂർ ജാമ്യം തേടിയത്.
മതവികാരം വൃണപ്പെടുത്തുന്ന തരത്തിൽ രഹനാ ഫാത്തിമ പ്രചരണം നടത്തിയതിന് ചിത്രങ്ങൾ തെളിവുകളായി ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയിൽ വിധി പറയാനായി കോടതി മാറ്റിവച്ചിരിക്കുകയാണ്.