സജിതയെ പത്തുവര്‍ഷമായി ആരുമറിയാതെ വീട്ടിലെ മുറിയില്‍ താമസിപ്പിക്കുകയായിരുന്നുവെന്ന പാലക്കാട് നെന്മാറ സ്വദേശി റഹ്മാന്റെ വാദങ്ങള്‍ പൂര്‍ണ്ണമായി തള്ളി റഹ്മാന്റെ മാതാപിതാക്കള്‍. പാതി ചുമരുള്ള മുറിയിലാണ് റഹ്മാന്‍ താമസിക്കുന്നതെന്നും മുറിക്കുള്ളില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ തീര്‍ച്ചയായും തങ്ങള്‍ അറിയുമായിരുന്നുവെന്നും റഹ്മാന്റെ പിതാവ് കരീമും മാതാവ് ആത്തികയും പറഞ്ഞു. മീഡിയ വണ്‍ ടിവിയോട് സംസാരിക്കുകയായിരുന്നു ഇവര്‍. സജിത മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ ഉപയോഗിച്ചിരുന്ന ജനലിന്റെ അഴികള്‍ മുറിച്ച് മാറ്റിയിട്ട് വെറും മൂന്ന് മാസമേ ആയിട്ടുള്ളൂ എന്നാണ് റഹ്മാന്റെ മാതാപിതാക്കള്‍ പറയുന്നത്.
മൂന്ന് വര്‍ഷം മുന്‍പ് വീടിന്റെ അറ്റകുറ്റ പണികള്‍ നടക്കുന്ന സമയത്ത് റഹ്മാന്റെ മുറിയില്‍ സജിത എങ്ങനെ ഇരുന്നു എന്നും വീട്ടുകാര്‍ ചോദിക്കുന്നു. വീടിന്റെ മേല്‍ക്കൂര പൊളിച്ച് പണിതത് മൂന്ന് വര്‍ഷം മുന്‍പാണ്. അന്ന് കുട്ടികള്‍ അടക്കം എല്ലാവരും റഹ്മാന്റെ മുറിയില്‍ കയറിയിരുന്നു. മുറിയില്‍ ആകെയുണ്ടായിരുന്നത് ഒരു ചെറിയ ടീപോയ് മാത്രമാണ്. കട്ടില്‍ പോലും ഉണ്ടായിരുന്നില്ല. ഈ ചെറിയ ടീപോയ്ക്കുള്ളില്‍ സജീത എങ്ങനെ ഒളിച്ചിരുന്നു എന്നാണ് വീട്ടുകാരുടെ ചോദ്യം. പത്ത് വര്‍ഷക്കാലം വേറൊരാള്‍ ശ്വാസം വിടുന്ന ശബ്ദം പോലും വീട്ടില്‍ കേട്ടിരുന്നില്ല. സജിതയെ മറ്റൊരിടത്ത് റഹ്മാന്‍ വര്‍ഷങ്ങളോളം താമസിപ്പിച്ചിരിക്കാമെന്നും റഹ്മാന്റെ മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍, വീട് പണി നടക്കുന്ന സമയത്ത് മുറിയിലെ ഒരു പെട്ടിക്കുള്ളിലാണ് സജിതയെ താമസിപ്പിച്ചതെന്നാണ് റഹ്മാന്‍ പറഞ്ഞിരുന്നത്.