തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം കെട്ടടങ്ങും മുന്‍പ് തന്നെ കേരള രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചാവിഷയമായി രാഹുല്‍ ഈശ്വര്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചേക്കുമെന്ന സൂചനയാണ് രാഹുല്‍ ഈശ്വര്‍ നല്‍കിയിരിക്കുന്നത്. ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി തന്നെ സമീപിച്ചുവെന്നും ചെങ്ങന്നൂര്‍,തിരുവല്ല എന്നിവിടങ്ങളിലോ കൊട്ടാരക്കരയിലോ മത്സരിക്കാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചെന്നുമാണ് രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയത്.
അതേസമയം വരുന്ന തിരെഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സംസ്ഥാനത്തെ സാധാരണ മലയാളികളുടെ ആഗ്രഹം അതാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ പാതയില്‍ ഹിന്ദു- മുസ്ലീം- ക്രിസ്ത്യന്‍ ഐക്യമാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യുഡിഎഫ് പാളയത്തില്‍ നിന്നാണ് രാഹുലിന് ക്ഷണം ലഭിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായും രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പോലെയുള്ള യുവനേതാക്കളുമായും അടുത്ത ബന്ധമാണ് രാഹുല്‍ ഈശ്വറിനുള്ളത്.