Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുല്‍ ഗാന്ധി വീണ്ടും വയനാട് മത്സരിക്കും

രാഹുല്‍ ഗാന്ധി വീണ്ടും വയനാട് മത്സരിക്കും
, ശനി, 5 ഓഗസ്റ്റ് 2023 (09:38 IST)
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കും. നിലവില്‍ വയനാട് എംപി ആണ് അദ്ദേഹം. രാഹുല്‍ വീണ്ടും വയനാട് മത്സരിക്കണമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ആവശ്യം. രാഹുലിന്റെ സാന്നിധ്യമുണ്ടെങ്കില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് പരമാവധി സീറ്റുകള്‍ കോണ്‍ഗ്രസിന് നേടാന്‍ സാധിക്കുമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നു. 
 
'മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസിലെ രാഹുല്‍ ഗാന്ധിയുടെ ശിക്ഷ സുപ്രീം കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. എംപി സ്ഥാനത്തുനിന്ന് രാഹുലിനെ അയോഗ്യനാക്കിയ വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. അയോഗ്യത നീങ്ങിയതോടെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും രാഹുലിന് മത്സരിക്കാം. വയനാട് സീറ്റ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഒഴിച്ചിടുമെന്നാണ് കെപിസിസിയുടെ ഇപ്പോഴത്തെ നിലപാട്. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമാനമായ സാഹചര്യമുണ്ടാകുമെന്ന് കെപിസിസി വിലയിരുത്തുന്നു. വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രാഹുല്‍ ഗാന്ധി തന്നെ തങ്ങളുടെ സ്ഥാനാര്‍ഥിയായി വരണമെന്ന ആഗ്രഹമുണ്ട്. 
 
അതേസമയം അമേഠിയില്‍ രാഹുല്‍ വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. അമേഠിക്ക് പകരം ദക്ഷിണേന്ത്യയില്‍ നിന്നുള്ള വേറെ ഏതെങ്കിലും സീറ്റില്‍ മത്സരിക്കണോ എന്നാണ് പാര്‍ട്ടി ആലോചിക്കുന്നത്. തമിഴ്‌നാട്ടിലെയോ കര്‍ണാടകയിലെയോ ഏതെങ്കിലും സീറ്റില്‍ രാഹുല്‍ മത്സരിക്കുന്നത് നല്ലതാണെന്ന അഭിപ്രായം പൊതുവെ കോണ്‍ഗ്രസിനുള്ളില്‍ ഉണ്ട്. അതേസമയം തങ്ങളെ പേടിച്ചാണ് അമേഠിയില്‍ മത്സരിക്കാത്തത് എന്ന പ്രചാരണം ബിജെപി നടത്തുമോ എന്നതാണ് കോണ്‍ഗ്രസിനെ വലയ്ക്കുന്നത്. അമേഠിയില്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി തന്നെയായിരിക്കും അവസാന തീരുമാനമെടുക്കുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

21,000 കോടിയുടെ കേന്ദ്രസഹായം നഷ്ടമാകും? സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ 3 മാസം സാവകാശം തേടി കേരളം