Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലക്കാട് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; രാഹുല്‍ മാങ്കൂട്ടത്തിലിനെ അംഗീകരിക്കില്ലെന്ന് ഒരുപക്ഷം

യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന പി.സരിന്‍ ആണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തെ ശക്തമായി എതിര്‍ക്കുന്നത്

Rahul Mamkootathil

രേണുക വേണു

, ബുധന്‍, 16 ഒക്‌ടോബര്‍ 2024 (11:03 IST)
ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ പാലക്കാട് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥിയാകുന്നതില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. ഡിസിസിയുടെ എതിര്‍പ്പ് അവഗണിച്ചാണ് കെപിസിസി നേതൃത്വം രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. വിയോജിപ്പുള്ള നേതാക്കളെ കാണാനോ സംസാരിക്കാനോ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. 
 
യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന പി.സരിന്‍ ആണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തെ ശക്തമായി എതിര്‍ക്കുന്നത്. പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു പരിചയമുള്ള തനിക്ക് ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമെന്ന് സരിന്‍ പ്രതീക്ഷിച്ചിരുന്നു. രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ പ്രചരണ രംഗത്തുനിന്ന് പൂര്‍ണമായി മാറിനില്‍ക്കുമെന്ന് സരിന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ അറിയിച്ചിരുന്നു. 
 
പാലക്കാട് ഡിസിസിയിലും രാഹുല്‍ മാങ്കൂട്ടത്തിലിനോടു വിയോജിപ്പുള്ളവര്‍ ഉണ്ട്. ഷാഫി പറമ്പിലിനു ലഭിച്ചതു പോലെ നിഷ്പക്ഷ വോട്ടുകള്‍ പിടിക്കാന്‍ രാഹുലിന് സാധിക്കില്ലെന്നാണ് ഡിസിസിയിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് വോട്ടുകള്‍ അടക്കം സ്വന്തമാക്കാന്‍ ഷാഫിക്ക് സാധിച്ചിരുന്നെന്നും രാഹുലിന് അതിനുള്ള കഴിവ് ഇല്ലെന്നുമാണ് ഡിസിസിയില്‍ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ബിജെപിക്കാകും ഗുണം ചെയ്യുകയെന്ന വിലയിരുത്തലും ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. 
 
പാലക്കാട്, ചേലക്കര എന്നീ നിയമസഭ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭ മണ്ഡലത്തിലേക്കുമാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത മാസം 13 നാണ് വോട്ടെടുപ്പ്. 23 നു വോട്ടെണ്ണല്‍. നിലവില്‍ ചേലക്കര മണ്ഡലം എല്‍ഡിഎഫിന്റെ കൈയിലാണ്. പാലക്കാടും വയനാടും യുഡിഎഫും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് ബിജെപിക്ക് ഉണ്ടായിരുന്ന ഏക പഞ്ചായത്ത് ഭരണം നഷ്ടമായി; അവിശ്വാസ പ്രമേയം കൊണ്ടുവന്നത് എല്‍ഡിഎഫ്