യൂത്ത് കോണ്‍ഗ്രസ് വീട് തട്ടിപ്പ്: രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് നുണ, സര്‍ക്കാരിനു കത്ത് നല്‍കിയിട്ടില്ല
ദുരിതബാധിതര്‍ക്കു വീട് പണിതു നല്‍കാന്‍ ഭൂമി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്ത് നല്‍കിയിട്ടുണ്ടെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്
യൂത്ത് കോണ്‍ഗ്രസ് വീട് തട്ടിപ്പ് ആരോപണത്തില്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതിരോധം പൊളിയുന്നു. വയനാട് മുണ്ടക്കൈ ഭവനപദ്ധതിക്കായി ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കത്ത് നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍.
ദുരിതബാധിതര്‍ക്കു വീട് പണിതു നല്‍കാന്‍ ഭൂമി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്ത് നല്‍കിയിട്ടുണ്ടെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. എന്നാല്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഒരു കത്തും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ ഈ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ കോപ്പി കാണിക്കണമെന്ന മാധ്യമപ്രവര്‍ത്തകരുടെ ആവശ്യത്തെ രാഹുല്‍ പുച്ഛത്തോടെ നിരസിച്ചിരുന്നു.
മുണ്ടക്കൈ ഭവനപദ്ധതിയുടെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടും ദുരിതബാധിതര്‍ക്കു യൂത്ത് കോണ്‍ഗ്രസ് ഇതുവരെ വീടുവെച്ച് കൊടുത്തിട്ടില്ല. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. വീട് സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗം രണ്ട് തവണ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. 30 വീട് വാഗ്ദാനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് ഈ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാംപിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയര്‍ന്നത്.