മഴ അവധി പ്രഖ്യാപിക്കാത്തതിനു അസഭ്യവും ആത്മഹത്യാ ഭീഷണിയും; വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി താക്കീത് ചെയ്ത് കലക്ടര്‍
അവധി തന്നില്ലെങ്കില്‍ സ്‌കൂളില്‍ പോകില്ലെന്നും ഇത് തന്റെ അവസാന ദിവസമായിരിക്കുമെന്നും ആത്മഹത്യാ ഭീഷണി മുഴക്കിയവര്‍ ഉണ്ട്
മഴ അവധി പ്രഖ്യാപിക്കാത്തതിനു പത്തനംതിട്ട ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ആത്മഹത്യാ ഭീഷണിയും അസഭ്യവും കമന്റ് ചെയ്ത വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് താക്കീത്. മോശം കമന്റ് ഇട്ട രണ്ട് വിദ്യാര്‍ഥികളുടെ അക്കൗണ്ട് സൈബര്‍ സെല്‍ വഴി കണ്ടെത്തി ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍ കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തുകയായിരുന്നു. കുട്ടികളുടെ കമന്റുകള്‍ കാണിച്ചുകൊടുത്ത ശേഷം മാതാപിതാക്കള്‍ക്ക് കലക്ടര്‍ താക്കീത് നല്‍കി. അവധി പ്രഖ്യാപിക്കണമെന്ന നിര്‍ബന്ധത്തില്‍ നിരവധി വിദ്യാര്‍ഥികളാണ് കലക്ടര്‍ ഓഫീസിലേക്ക് ഫോണ്‍ വിളിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു.
ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാം പേജിലും മാത്രമല്ല പേഴ്‌സണല്‍ അക്കൗണ്ട് വരെ തപ്പിപ്പിടിച്ച് അതിലേക്കും മെസേജ് അയക്കുന്നവരുണ്ട്. പലതും വളരെ തമാശയായിട്ടുള്ള മെസേജുകള്‍ ആണ്. ചിലരുടെ സംഭാഷണത്തില്‍ അപേക്ഷയുടെ രീതി മാറി അസഭ്യം വരെ എത്തിയതോടെയാണ് കലക്ടറുടെ ഓഫീസ് സൈബര്‍ സെല്ലിനെ സമീപിച്ചത്.
അവധി തന്നില്ലെങ്കില്‍ സ്‌കൂളില്‍ പോകില്ലെന്നും ഇത് തന്റെ അവസാന ദിവസമായിരിക്കുമെന്നും ആത്മഹത്യാ ഭീഷണി മുഴക്കിയവര്‍ ഉണ്ട്. സഭ്യമല്ലാത്ത മെസേജുകള്‍ വന്നപ്പോള്‍ സൈബര്‍ സെല്‍ വഴി അന്വേഷിക്കുകയായിരുന്നു. കൊച്ചുകുട്ടിയാണെന്ന് മനസിലായപ്പോള്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇക്കാര്യം വിശദീകരിച്ചെന്നും കലക്ടര്‍ പറഞ്ഞു.