പത്തനംതിട്ട: കാറിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ എ.എസ്.ഐ അറസ്റ്റില്‍. പെട്ട മാവേലി സ്റ്റോറിലെ ജീവനക്കാരി ചാലാപ്പള്ളി പുളിയുറുമ്പില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ മിനികുമാരി (49) മരിച്ച സംഭവത്തില്‍ റാന്നി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ വിനോദ് പി.മധുവാണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ എ.എസ്.ഐ വിനോദിന്റെ കാര്‍ എസ്.ബി.ഐ ജീവനക്കാരി ഓടിച്ച സ്‌കൂട്ടറിലിടിച്ചു. എന്നാല്‍ ഈ സ്‌കൂട്ടറിന്റെ പിന്നില്‍ ഇരുന്ന മിനികുമാരി റോഡില്‍ തലയിടിച്ചു വീണു മരിച്ചു. പക്ഷെ കാര്‍ നിര്‍ത്താതെ പോയി.
എന്നാല്‍ പിന്നീട് പോലീസ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ വിനോദിന്റെ വീട്ടിലും എത്തിയിരുന്നു. പിന്നീട് വിനോദ് പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. തുടര്‍ന്നാണ് മനഃപൂര്‍വം അല്ലാത്ത നരഹത്യയ്ക്ക് വിനോദിന്റെ പേരില്‍ കേസെടുത്തത്. വിനോദിന് ജാമ്യം നല്‍കിയെങ്കിലും പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്.