Select Your Language

Notifications

webdunia
webdunia
webdunia
Thursday, 20 February 2025
webdunia

ഈമാസത്തെ ഭക്ഷ്യധാന്യങ്ങള്‍ രണ്ടുദിവസത്തിനകം റേഷന്‍ കാര്‍ഡുടമകള്‍ കൈപ്പറ്റണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി

Ration Shop

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 30 ജനുവരി 2025 (16:15 IST)
ജനുവരിയിലെ ഭക്ഷ്യധാന്യങ്ങള്‍ രണ്ടുദിവസത്തിനകം റേഷന്‍ കാര്‍ഡുടമകള്‍ കൈപ്പറ്റണമെന്ന് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. ജനുവരിയിലെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എല്ലാ റേഷന്‍ കടകളിലുമുണ്ട്. റേഷന്‍കടകളില്‍ സ്റ്റോക്ക് ഇല്ലെന്നും കടകള്‍ കാലിയാണെന്നുമുള്ള ചില മാധ്യമവാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി അറിയിച്ചു. ഈ മാസത്തെ റേഷന്‍ വിതരണത്തെ സംബന്ധിച്ച് ജില്ലാസപ്ലൈ ഓഫീസര്‍മാരുടെയും താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും യോഗം ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്തു. ജനുവരിയിലെ റേഷന്‍ വിതരണത്തിന്റെ പുരോഗതി അവലോകനം ചെയ്തു.
 
റേഷന്‍ വിതരണത്തിന്റെ തോത് കഴിഞ്ഞ മാസത്തേക്കാള്‍ കുറവുള്ള ജില്ലകളില്‍ വിതരണം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യധാന്യങ്ങളുടെ വാതില്‍പടി വിതരണത്തിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. വയനാട് ജില്ലയില്‍ 81.57 ശതമാനവും മലപ്പുറത്ത് 80 ശതമാനവും കാസര്‍ഗോഡ് 77.7 ശതമാനവും പേര്‍ ജനുവരിയിലെ റേഷന്‍ വിഹിതം കൈപ്പറ്റി. വാതില്‍പടി വിതരണത്തിലെ കരാറുകാരുടെ സമരം പിന്‍വലിച്ചതിനാല്‍ തിങ്കളാഴ്ച മുതല്‍ എല്ലാ ജില്ലകളിലും വേഗത്തില്‍ വിതരണം നടന്നുവരുന്നു. ഫെബ്രുവരിയിലെ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളാണ് ഇപ്പോള്‍ റേഷന്‍ കടകളിലേക്ക് വാതില്‍പടിയായി എത്തിച്ചുകൊണ്ടിരിക്കുന്നത്.
 
റേഷന്‍വ്യാപാരികളുടെ കടയടപ്പ് സമരം പിന്‍വലിച്ചിട്ടും സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കടകളും തുറന്നു പ്രവര്‍ത്തിക്കുന്നില്ല എന്ന മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വസ്തുത സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന റേഷനിംഗ് കണ്‍ട്രോളറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. മതിയായ കാരണങ്ങളില്ലാതെ ലൈസന്‍സിക്ക് റേഷന്‍കട അടച്ചിടുന്നതിന് അവകാശമില്ലെന്നും റേഷന്‍വിതരണം തടസ്സപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയും അച്ചടക്ക ലംഘനമായി കാണുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിസംബറിലെ കമ്മീഷന്‍ എല്ലാ വ്യാപാരികളുടെയും അക്കൗണ്ടുകളിലേക്ക് കൈമാറിയതായും മന്ത്രി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് നടക്കും