വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് മറ്റു നിയമപ്രകാരം ഫീസ്, കോസ്റ്റ് എന്നിവ ഈടാക്കാന്‍ പാടുള്ളതല്ല എന്ന് വിവരാവകാശ കമ്മീഷണര്‍ എ എ ഹക്കീം പറഞ്ഞു. തൃശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഹിയറിംഗിനെ തുടര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയില്‍ ഈ നിയമത്തില്‍ പറയുന്ന ഫീസ് മാത്രമേ ഈടാക്കാന്‍ പാടുള്ളൂ എന്ന് ഹൈക്കോടതി വിധിയുണ്ട്.
വിവരം വെളിപ്പെടുത്തരുത് എന്ന് അറിയിച്ച് മൂന്നാംകക്ഷി സമര്‍പ്പിക്കുന്ന കത്തിന്റെ പകര്‍പ്പും വെളിപ്പെടുത്താന്‍ പാടുള്ളതല്ല. വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ 30 ദിവസം വരെ കാത്തിരിക്കരുത്. മനുഷ്യന്റെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണി ആയേക്കാവുന്ന വിവരങ്ങള്‍ 48 മണിക്കൂറിനകം അപേക്ഷകന് ലഭിച്ചിരിക്കണം. അല്ലാത്തവ പരമാവധി വേഗത്തില്‍ നല്‍കണം. വിവരം ലഭ്യമാക്കാന്‍ തടസ്സമുണ്ടാകുന്ന ഘട്ടത്തില്‍ പോലും 30 ദിവസത്തില്‍ കൂടുതല്‍ എടുക്കാന്‍ പാടില്ല. അത്തരം ഘട്ടത്തില്‍ ബന്ധപ്പെട്ട ഓഫീസര്‍ കാലതാമസത്തിനുള്ള കാരണം ബോധ്യപ്പെടുത്തണം.