അക്രമത്തിന് യുവാക്കളില്‍ സ്വാധീനം ഉണ്ടാക്കാന്‍ സിനിമയ്ക്ക് സാധിക്കുമെന്ന് നടി റിമ കല്ലിങ്കല്‍. പണ്ടുകണ്ട ചില സിനിമയില്‍ കഥാപാത്രങ്ങള്‍ തന്നെയും സ്വാധീനിച്ചിട്ടുണ്ടെന്നും റിമ പറഞ്ഞു.അന്താരാഷ്ട്ര നാടകോത്സവത്തില്‍ മാമാങ്കം ഡാന്‍സ് സ്‌കൂളിന്റെ നെയ്ത്ത് നാടകം അവതരിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് റിമ ഇക്കാര്യം പറഞ്ഞത്. എല്ലാതരം ആര്‍ട് ഫോമുകളും ജനങ്ങളെ സ്വാധീനിക്കുമെന്നും സിനിമ കൂടുതല്‍ സ്വാധീനിക്കുമെന്നും നടി പറഞ്ഞു.
അതേസമയം യുവാക്കളില്‍ പ്രീതി വര്‍ദ്ധിക്കുമെന്നതിനാല്‍ വയലന്‍സ് നിറഞ്ഞ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനാണ് ഇപ്പോഴത്തെ നായകന്മാര്‍ക്ക് താല്പര്യമെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. ഇത്തരം സിനിമകള്‍ക്ക് നായകന്മാര്‍ പെട്ടെന്ന് ഡേറ്റ് നല്‍കുന്നു. പണ്ട് സിനിമ പോസ്റ്ററുകള്‍ക്ക് ചിരിക്കുന്ന ചിത്രങ്ങളാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വളരെ കലിപ്പായി നില്‍ക്കുന്ന നായകന്മാരെയാണ് കാണുന്നതെന്നും കമല്‍ വിമര്‍ശിച്ചു.
കൂടാതെ എന്തിനാണ് ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നതെന്ന് താരങ്ങള്‍ ആത്മ പരിശോധന നടത്തണമെന്നും നിങ്ങള്‍ ഈ വലിയ സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കാന്‍ കാരണമാകുന്നുവെന്നും കമല്‍ പറഞ്ഞു. കുട്ടികള്‍ക്ക് സിനിമ അനുകരിക്കുന്ന പ്രവണതയുണ്ട്. സിനിമയാണ് യുവാക്കളെ കൂടുതല്‍ സ്വാധീനിക്കുന്ന മാധ്യമം. സിനിമകളില്‍ അടുത്തിടെ ഉണ്ടായ വയലന്‍സിന്റെ അതിപ്രസരം കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.