Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാസ്റ്റര്‍ ബ്രെയ്ന്‍; വിജയകാഹളത്തിനു പിന്നില്‍ കോടിയേരിയുടെ നിശബ്ദ സാന്നിധ്യം

മാസ്റ്റര്‍ ബ്രെയ്ന്‍; വിജയകാഹളത്തിനു പിന്നില്‍ കോടിയേരിയുടെ നിശബ്ദ സാന്നിധ്യം
, ബുധന്‍, 5 മെയ് 2021 (10:05 IST)
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ചരിത്രവിജയം നേടിയതിനു പിന്നില്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പങ്ക് വളരെ വലുതാണ്. മുന്നണിയിലും പാര്‍ട്ടിയിലും നിശബ്ദ സാന്നിധ്യമായിരുന്നു കോടിയേരി. സീറ്റ് വിഭജനം മുതല്‍ എല്ലാ കാര്യത്തിലും വ്യക്തമായ പങ്ക് കോടിയേരി വഹിച്ചു. 
 
തിരുവനന്തപുരം ജില്ലയില്‍ പരമാവധി സീറ്റുകള്‍ നേടിയാല്‍ അധികാരം പിടിക്കാമെന്ന് എല്‍ഡിഎഫും സിപിഎമ്മും വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അടക്കം കൂടുതല്‍ ശ്രദ്ധ ചെലുത്തി. തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതല കോടിയേരിക്ക് നല്‍കിയ നീക്കം ഫലം കണ്ടു. തിരുവനന്തപുരത്തെ 14 സീറ്റില്‍ 13 എണ്ണവും എല്‍ഡിഎഫ് സ്വന്തമാക്കിയതിനു പിന്നില്‍ കോടിയേരിയുടെ തന്ത്രങ്ങളുണ്ട്. 

 
തിരുവനന്തപുരത്ത് ആന്റണി രാജുവിനെ സ്ഥാനാര്‍ഥിയാക്കിയത് കോടിയേരിയുടെ ഇടപെടലിലൂടെയാണ്. നേമത്ത് പ്രാദേശിക പിന്തുണയുള്ള ശിവന്‍കുട്ടി തന്നെ സ്ഥാനാര്‍ഥിയാകണമെന്ന് കോടിയേരി നിലപാടെടുത്തു. നേമത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് പാര്‍ട്ടി കീഴ് ഘടകങ്ങള്‍ക്ക് കോടിയേരി നിര്‍ദേശം നല്‍കിയിരുന്നു. അരുവിക്കരയില്‍ നാടാര്‍ സമുദായത്തില്‍ നിന്നുള്ള ജി.സ്റ്റീഫനെ സ്ഥാനാര്‍ഥിയാക്കി കോടിയേരി നടത്തിയ പരീക്ഷണം വിജയം കണ്ടു. 

 
സീറ്റ് വിഭജന സമയത്തും കോടിയേരി വഹിച്ച പങ്ക് വളരെ വലുതാണ്. മുന്നണിയിലെ കക്ഷികളുമായി നിരന്തരം ചര്‍ച്ച നടത്തിയത് കോടിയേരിയാണ്. ഒരു സമയത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും ഇടയില്‍ മീഡിയേറ്റര്‍ റോളായിരുന്നു കോടിയേരി വഹിച്ചിരുന്നത്. ഘടകകക്ഷികള്‍ കൂടിയതിനാല്‍ ചില സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് സിപിഐയോട് ആവശ്യപ്പെട്ടതും കോടിയേരി തന്നെ. മന്ത്രിസഭാ രൂപീകരണത്തിലും ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് കോടിയേരിയാണ്. കൂടുതല്‍ മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്ന പാര്‍ട്ടികളെ ചര്‍ച്ചയിലൂടെ രമ്യതയിലേക്ക് കൊണ്ടുവരിക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് കോടിയേരിക്ക് ഉള്ളത്. ഇതുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. സിപിഐ, കേരള കോണ്‍ഗ്രസ് (എം) നേതൃത്വങ്ങളുമായി വരുംദിവസങ്ങളില്‍ കോടിയേരി ചര്‍ച്ച നടത്തും. 

 
എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. മധ്യതിരുവിതാംകൂറില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധിച്ചത് കേരള കോണ്‍ഗ്രസിന്റെ സഹായത്തോടെയാണ്. കൃത്യസമയത്ത് ജോസ് കെ.മാണിയെ മുന്നണിയിലെത്തിക്കാന്‍ തുടക്കം മുതലേ ചരടുവലികള്‍ നടത്തിയത് കോടിയേരിയാണ്. ജോസ് കെ.മാണിയുടെ വരവിനോട് താല്‍പര്യമില്ലായിരുന്ന കാനം രാജേന്ദ്രനുമായി പലവട്ടം കോടിയേരി ചര്‍ച്ച നടത്തിയിരുന്നു. ജോസ് കെ.മാണിക്കും പിണറായി വിജയനും ഇടയില്‍ മധ്യസ്ഥചര്‍ച്ചകള്‍ നടത്തിയിരുന്നതും കോടിയേരി ആയിരുന്നു. കേരള കോണ്‍ഗ്രസിനോടുള്ള സിപിഐയുടെ അതൃപ്തി പൂര്‍ണമായി ഇല്ലാതായത് കോടിയേരിയുടെ ഇടപെടല്‍ കൊണ്ടാണ്. 

 
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണ് കോടിയേരിയെ സിപിഎമ്മിനുള്ളില്‍ കൂടുതല്‍ ശക്തനാക്കുന്നത്. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിന്നുള്ള സൗഹൃദം വര്‍ഷങ്ങള്‍ക്ക് ശേഷവും ഊഷ്മളമായി തുടരുന്നു. ഭരണപരമായ കാര്യങ്ങളിലും കോടിയേരിക്ക് ഇടപെടാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. 
 
തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം കോടിയേരിയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ ചില ആലോചനകള്‍ നടന്നെങ്കിലും അദ്ദേഹം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് വേണമെന്നാണ് പിണറായി അടക്കമുള്ളവരുടെ താല്‍പര്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് താല്‍ക്കാലികമായി അവധിയെടുത്തത്. എന്നാല്‍, വീണ്ടും ഈ സ്ഥാനത്തേയ്ക്ക് കോടിയേരി ഉടന്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഘടകകക്ഷികളുമായി കോടിയേരിക്കുള്ള ബന്ധം മുന്നണിയുടെ കെട്ടുറപ്പ് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. 

 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി ഒന്‍പതുവയസുകാരന്‍ മരിച്ചു