കാലില്ലാത്ത ആൾ ചവിട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നതു പോലെയാണ് ആർഎസ്എസിന്റെ ഭീഷണി: പിണറായി വിജയൻ
ഒരു സ്ഥലത്തും കാലുകുത്താൻ അനുവദിക്കില്ലെന്നത് ആർഎസ്എസിന്റെ ഗീർവാണമാണെന്ന് പിണറായി
ആർഎസ്എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സ്ഥലത്തും തന്നെ കാലുകുത്താൻ അനുവദിക്കില്ലെന്ന ഭീഷണി വെറും ഗീർവാണം മാത്രമാണ്. ആർഎസ്എസിന്റെ ഒരു ഭീഷണിയും വിലപോകില്ല. കാലില്ലാത്ത ആൾ ചവിട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നതു പോലെയാണ് ആർഎസ്എസിന്റെ ഭീഷണിയെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
രാജ്യത്ത് ഒരു സ്ഥലത്തും പിണറായി വിജയനെ കാലുകുത്താൻ അനുവദിക്കില്ലെന്ന ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനുള്ള മറുപടിയായാണ് പിണറായി ഇക്കാര്യം പറഞ്ഞത്. ആർഎസ്എസുമായി സമരസപ്പെടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കുമ്മനവും സുധീരനും ഒറെ തരത്തിലുള്ള വാചകമാണ് മുന്നോട്ട് വെക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി
ആർഎസ്എസിനെ വിമർശിക്കുന്ന ഒരുപാടു ചോദ്യങ്ങൾ നിയമസഭയില്‍ വരാനുണ്ട്. അത്തരം ഉപചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞു മാറാന്‍ വേണ്ടിയാകു പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയത്. അതോടൊപ്പം മറ്റൊരു ചോദ്യവുമുണ്ട്, അതാവട്ടെ ബാർ കോഴക്കേസുമായി ബന്ധപ്പെട്ടതുമാണ്. അയ്യോ... അത് തൊടാനേ പറ്റില്ല എന്ന നിലയിൽ ഇറങ്ങിപ്പോയതായിരിക്കുമെന്നും പിണറായി പരിഹസിച്ചു.