Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബസിന്റെ പെര്‍മിറ്റ് പുതുക്കുന്നതിനിടെ കൈക്കൂലി; ആര്‍ടിഒ വിജിലന്‍സ് കസ്റ്റഡിയില്‍, വീട്ടില്‍ നിന്ന് 50 ലേറെ വിദേശമദ്യ കുപ്പികള്‍ പിടിച്ചെടുത്തു

ആര്‍ടിഒയുടെ ഇടപ്പള്ളിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി

RTO Arrest, Bribary

രേണുക വേണു

, വ്യാഴം, 20 ഫെബ്രുവരി 2025 (09:48 IST)
ആര്‍ടിഒയുടെ വീട്ടില്‍ നിന്നു കണ്ടെടുത്ത വിദേശമദ്യ ശേഖരം

റൂട്ട് പെര്‍മിറ്റ് പുതുക്കുന്നതിനിടെ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ എറണാകുളം ആര്‍ടിഒ ഉള്‍പ്പെടെ മൂന്നുപേരെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. എറണാകുളം ആര്‍ടിഒ ടി.എം.ജെര്‍സണ്‍, ഏജന്റുമാരായ സജി, രാമപടിയാര്‍ എന്നിവരെയാണ് വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യബസുടമയോട് ഏജന്റ് മുഖേന ആര്‍ടിഒ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. എറണാകുളം ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയും ചെയ്തു. 
 
എറണാകുളം ചെല്ലാനം - ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിന്റെ റൂട്ട് പെര്‍മിറ്റ് ഫെബ്രുവരി മൂന്നിന് അവസാനിച്ചിരുന്നു. പെര്‍മിറ്റ് ബസുടമയുടെ പേരിലുള്ള മറ്റൊരു ബസിന് അനുവദിച്ചു നല്‍കുന്നതിന് എറണാകുളം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ആര്‍ടിഒ ജെര്‍സണ്‍ ഒരാഴ്ചത്തേക്ക് താല്‍ക്കാലിക പെര്‍മിറ്റ് അനുവദിക്കുകയും അതിനുശേഷം പല കാരണങ്ങള്‍ പറഞ്ഞ് മനഃപൂര്‍വം പെര്‍മിറ്റ് അനുവദിക്കുന്നത് വൈകിപ്പിക്കുകയുമായിരുന്നു.
 
പിന്നീടാണ് ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം പെര്‍മിറ്റിനായി കൈക്കൂലി ആവശ്യപ്പെട്ടത്. ഏജന്റായ സജിയുടെ പക്കല്‍ 5000 രൂപ കൈക്കൂലി നല്‍കണമെന്ന് മറ്റൊരു ഏജന്റായ രാമപടിയാര്‍ വഴി ആര്‍ടിഒ ബസുടമയോടു ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബസുടമ എറണാകുളം വിജിലന്‍സില്‍ പരാതി നല്‍കി. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ആര്‍ടിഒ ഓഫിസിന് മുന്നില്‍വെച്ച് പരാതിക്കാരനില്‍ നിന്ന് 5,000 രൂപയും ഒരു കുപ്പി വിദേശ മദ്യവും കൈക്കൂലിയായി ആര്‍ടിഒ വാങ്ങി. ഈ സമയത്താണ് വിജിലന്‍സ് പിടികൂടിയത്. ഏജന്റുമാരായ സജിയും രാമപടിയാരും ഈ സമയത്ത് അവിടെ ഉണ്ടായിരുന്നു. ഇവരെയും കസ്റ്റഡിയിലെടുത്തു. 
 
ആര്‍ടിഒയുടെ ഇടപ്പള്ളിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി. വീട്ടില്‍ നിന്ന് 50 ല്‍ അധികം വിലകൂടിയ വിദേശ മദ്യക്കുപ്പികളും 60,000 രൂപയും വിജിലന്‍സ് കണ്ടെത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എം.ബി.രാജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കാതെ സതീശനും ചെന്നിത്തലയും; നാണംകെട്ടെന്ന് കോണ്‍ഗ്രസില്‍ വിമര്‍ശനം