ശബരിമലയുടെ പേര് മാറ്റി; ഇനിമുതല്‍ ‘ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം’ എന്ന് അറിയപ്പെടും
ശബരിമല ഇനിമുതല്‍ ‘ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം’
ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രം എന്ന പേര് മാറ്റി. ഇനിമുതല്‍ ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നായിരിക്കും ശബരിമല അറിയപ്പെടുക. ദേവസ്വം ബോര്‍ഡ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. പേരു മാറ്റത്തിന് കാരണമെന്തെന്ന് വ്യക്തമാക്കുന്ന ഒരു ഐതിഹ്യവും ഉത്തരവില്‍ പറയുന്നുണ്ട്.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന കാര്യങ്ങളാണ് ഐതിഹ്യത്തില്‍ പറയുന്നത്. തന്റെ ദൌത്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അയ്യപ്പസ്വാമി ശബരിമലയില്‍ ചെന്ന് ധര്‍മ്മശാസ്താവില്‍ വിലയം പ്രാപിക്കുകയായിരുന്നു. അങ്ങനെ ശബരിമലയിലെ ധര്‍മ്മശാസ്താ ക്ഷേത്രം അയ്യപ്പസ്വാമി ക്ഷേത്രമായി മാറുകയായിരുന്നെന്നും ഇതില്‍ വ്യക്തമാക്കുന്നു.
വിഗ്രഹം തച്ചുടച്ച് ക്ഷേത്രം തീവെച്ച സംഭവത്തിനു ശേഷം നടന്ന പുന:പ്രതിഷ്‌ഠയില്‍ അയ്യപ്പസ്വാമിയെയാണ് പ്രതിഷ്‌ഠിച്ചത്. അയ്യപ്പസ്വാമി കുടികൊള്ളുന്ന ലോകത്തെ ഏകസ്ഥാനമാണ് ശബരിമലയെന്നും കോടാനുകോടി ഭക്തര്‍ ഇവിടെ എത്തുന്നത് അതുകൊണ്ടാണെന്നും ഉത്തരവില്‍ പറയുന്നു. ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റിലാണ് ഉത്തരവ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.