Sabarimala: ദേവസ്വം സ്വത്ത് തന്ത്രിക്കു എടുത്തുകൊടുത്തത് ചട്ടം ലംഘിച്ച്; യുഡിഎഫ് ഭരണസമിതി കുരുക്കില്‍
ശബരിമലയുമായി ബന്ധപ്പെട്ട സ്വത്തുക്കള്‍ എന്തുതന്നെയായാലും ദേവസ്വത്തിന്റെ സ്വത്തായി നിലനിര്‍ത്തേണ്ടതാണെന്ന് 2012 ലെ ദേവസ്വം മാനുവലില്‍ പറയുന്നുണ്ട്
Sabarimala: ശബരിമലയിലെ വസ്തുക്കള്‍ ദേവസ്വം ബോര്‍ഡിനു അവകാശപ്പെട്ടതാണെന്ന ചട്ടം മറികടന്നാണ് തന്ത്രി കണ്ഠരര് രാജീവരര്‍ക്കു വാജിവാഹനം നല്‍കിയതെന്ന് സ്ഥിരീകരണം. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച ദേവസ്വം ബോര്‍ഡ് ഭരണസമിതിയാണ് ചട്ടലംഘനത്തിനു കൂട്ടുനിന്നത്.
ശബരിമലയുമായി ബന്ധപ്പെട്ട സ്വത്തുക്കള്‍ എന്തുതന്നെയായാലും ദേവസ്വത്തിന്റെ സ്വത്തായി നിലനിര്‍ത്തേണ്ടതാണെന്ന് 2012 ലെ ദേവസ്വം മാനുവലില്‍ പറയുന്നുണ്ട്. ഈ ചട്ടം നിലനില്‍ക്കെയാണ് ബോര്‍ഡ് പ്രസിഡന്റായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡ് അംഗമായ അജയ് തറയിലും ചേര്‍ന്ന് വാജിവാഹനം തന്ത്രിക്കു കൈമാറിയത്.
താന്ത്രികവിധി പ്രകാരമാണ് വാജിവാഹനം കൈമാറിയതെന്നാണ് യുഡിഎഫ് ഭരണസമിതി അംഗമായിരുന്ന അജയ് തറയിലിന്റെ ന്യായീകരണം. എന്നാല്‍ ദേവസ്വം ബാര്‍ഡ് മാനുവലിലെ ചട്ടത്തെ കുറിച്ച് തനിക്കു അറിയില്ലെന്നും അജയ് തറയില്‍ പറയുന്നു. 2012 ലെ മാനുവലില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന കാര്യത്തെ കുറിച്ചാണ് ബോര്‍ഡ് അംഗത്തിന്റെ അജ്ഞത.