എറണാകുളം : ശബരിമല സർവീസിനായി ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസും ഉപയോഗിക്കരുതെന്നും ഒരു തീർത്ഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ലെന്നും അങ്ങനെ കണ്ടാൽ നടപടി എടുക്കുമെന്നും കെ.എസ്. ആർ.ടിസിയോട ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ദേവസ്വം ബഞ്ചാണ് ഇതു വ്യക്തമാക്കിയത്. 
 
									
			
			 
 			
 
 			
					
			        							
								
																	
	 
	തീർത്ഥാടകർക്കായി ഇത്തവണ KSRTC ആയിരത്തോളം ബസുകളാണ് അയയ്ക്കുന്നത്. തീർത്ഥാടകർക്കായി ഒരുക്കുന്ന ബസുകളുടെ കാര്യത്തിൽ ഹൈക്കോടതി മുമ്പും നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇത് ഇത്തവണ കർശനമായി പാലിക്കണമെന്നാണ് ഇന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതിനൊപ്പം ഈ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഗതാഗത കമ്മീഷണർ ഉറപ്പാക്കണമെന്നും ഹൈക്കോടതി അറിയിച്ചു.
 
									
										
								
																	
	 
	അതേ സമയം ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ എന്തൊക്കെ ഒരുക്കങ്ങളാണ് പൂർത്തിയായത് എന്ന റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.