സംസ്ഥാന സ്‌കൂള്‍ കായികമേള 2025ലെ റെക്കോര്‍ഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനെയും സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ ഏറ്റെടുക്കുമെന്ന് അറിയിച്ച് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കായികമേള 25ന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് സഞ്ജു. കായികമേളയില്‍ സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ 100 മീറ്ററില്‍ റെക്കോര്‍ഡ് നേടിയ സിഎച്ച്എസ് കാല്‍വരി മൗണ്ട് സ്‌കൂളിലെ ദേവപ്രിയ ഷൈബുവിനെയും 100 മീറ്ററിലും 200 മീറ്ററിലും റെക്കോര്‍ഡ് നേടിയ ചാരമംഗലം ഗവണ്മെന്റ് ഡിവിഎച്ച്എസ്എസ് സ്‌കൂളിലെ അതുല്‍ ടി എമ്മിനെയുമാണ് സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ ഏറ്റെടുക്കുക.
കഠിനമായ ജീവിതസാഹചര്യങ്ങളോട് മല്ലിട്ട് കൊണ്ട് സ്‌കൂള്‍ കായികമേളയില്‍ സ്വന്തമാക്കിയ നേട്ടങ്ങളാണ് ഇവരെ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് സഞ്ജു പറഞ്ഞു. ഇരുവരെയും ഏറ്റെടുക്കുന്നതോടെ ഭാവിയില്‍ മെച്ചപ്പെട്ട പരിശീലന സൗകര്യങ്ങള്‍ ഇരുവര്‍ക്കും സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ ഒരുക്കും. ഇതിനായി പ്രഫഷണല്‍ അത്‌ലറ്റിക് കോച്ച് ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളും നല്‍കും. ഈ കുട്ടികളെ കേരളത്തിന്റെ അഭിമാനമാക്കി മാറ്റാന്‍ സഞ്ജു സാംസണ്‍ ഫൗണ്ടേഷനുണ്ടാകുമെന്ന് സഞ്ജു അറിയിച്ചതായി മന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്കിലാണ് മന്ത്രി ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവെച്ചത്.
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 38 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്താണ് സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ദേവപ്രിയ നേട്ടം കൊയ്തത്. ഈ റെക്കോര്‍ഡുകള്‍ വെയ്ക്കാന്‍ ദേവപ്രിയയ്ക്ക് വീടില്ലെന്ന വാർത്ത ചർച്ചയായിരുന്നു. അതേസമയം 37 വര്‍ഷം മുന്‍പത്തെ മീറ്റ് റെക്കോര്‍ഡാണ് 100 മീറ്ററില്‍ ചാരമംഗലം ഗവണ്മെന്റ് ഡിവിഎച്ച്എസ്എസിലെ അതില്‍ ടി എം മറികടന്നത്. 10.81 സെക്കന്‍ഡിലാണ് അതുല്‍ ഫിനിഷ് ചെയ്തത്.