Webdunia - Bharat's app for daily news and videos

Install App

ന്യായത്തിൽ തോൽക്കുമെന്നു ഭയപ്പെടുന്നവരുടെ ഒടുവിലത്തെ ആയുധമാണ് തെറികൾ, അതൊരു താളഭംഗമാണ്: ശാരദക്കുട്ടി

Webdunia
വ്യാഴം, 11 ഒക്‌ടോബര്‍ 2018 (17:45 IST)
ശബരിമല സ്ത്രീ  പ്രവേശനത്തെ അനുകൂലിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചതിന് തന്നെ അസഭ്യം പറയുന്നവരെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. കേൾവി സുഖം പോരെന്ന ഒറ്റ പ്രശ്നമേയുള്ളു തെറികൾക്ക്.. പുതിയ തരം എതിർപ്പുകളുടെ പുതിയ കാലത്ത് സൗന്ദര്യാത്മകവും സർഗ്ഗാത്മകവുമായ മികച്ച തെറികൾ പുതുക്കിപ്പണിയേണ്ടിയിരിക്കുന്നു. കലഹിക്കുമ്പോഴും നമ്മൾ ഉശിരോടെ, ചന്തത്തിൽ വേണം കലഹിക്കുവാൻ എന്ന് ശാരദക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. 
 
ഫെയ്സ്ബുക്ക് പോസ്റ്റിനെ പൂർണരൂപം
 
ലൈംഗികതയെ ഭയക്കുന്ന ഒരു സമൂഹത്തിൽ മാത്രമേ അശ്ളീലാർഥമുള്ള തെറി പ്രയോഗങ്ങൾക്കു നിലനിൽപുള്ളു. ലൈംഗികതയെ ഭയക്കാത്തവരെ തെറി വിളിച്ചിട്ടൊരു കാര്യവുമില്ല. വാളും ചിലമ്പുമണിഞ്ഞ് പട്ടുടുത്തു മുടിയഴിച്ച് നൃത്തമാടി വരുന്ന പുതിയ തലമുറ ലൈംഗികതയെയും അതിന്റെ പേരിലുള്ള തെറികളെയും ഭയക്കുന്നില്ല.
 
സാമ്പ്രദായിക ബോധങ്ങളാൽ ദുർബലരായവർ കാമരൂപിണികളും തന്റേടികളുമായ സ്ത്രീകളോടുള്ള ഭയം, അസഹൃത ഒക്കെ തെറി രൂപത്തിലാണ് പ്രകടമാക്കുന്നത്. സ്വന്തം അമ്മയുടെ ലൈംഗികാവയവത്തെയാണ് എല്ലാ തെറികളിലും സംബോധന ചെയ്യുന്നത്.
 
കേൾവി സുഖം പോരെന്ന ഒറ്റ പ്രശ്നമേയുള്ളു തെറികൾക്ക്..പുതിയ തരം എതിർപ്പുകളുടെ പുതിയ കാലത്ത് സൗന്ദര്യാത്മകവും സർഗ്ഗാത്മകവുമായ മികച്ച തെറികൾ പുതുക്കിപ്പണിയേണ്ടിയിരിക്കുന്നു. കലഹിക്കുമ്പോഴും നമ്മൾ ഉശിരോടെ, ചന്തത്തിൽ വേണം കലഹിക്കുവാൻ.
 
സദാചാരവാദികളുടെ മുതുമുത്തശ്ശനായ വില്വമംഗലത്ത് സ്വാമിയാർ ഒരിക്കൽ വഴി നടന്നു പോകുമ്പോൾ 'ലക്ഷണപ്പിശകു'ള്ള ചില സുന്ദരികൾ മുടിയൊക്കെയഴിച്ചിട്ട്, പൊട്ടിച്ചിരിച്ച് സന്ധ്യ സമയത്ത് വനത്തിൽ സ്വൈര സഞ്ചാരം നടത്തുന്നതു കാണാനിടയായി. കാഴ്ച മനോഹരമാണെങ്കിലും, സ്വാമിയാർക്ക് ഇത് തീരെ ദഹിച്ചില്ല.സ്വാമിയാർ ഓടിച്ചിട്ടു പിടിക്കാൻ ശ്രമിച്ചു പെണ്ണുങ്ങളെ.സ്വാമിയാരുടെ കോപപ്പാച്ചിൽ കണ്ട് പെണ്ണുങ്ങൾ കണ്ട കുളങ്ങളിലെല്ലാം ചെന്നു ചാടി. സ്വാമി പിന്നാലെ ചാടി. ഓരോരുത്തരെയായി ഓരോയിടത്തു കുടിയിരുത്തി. ഒരുത്തി മാത്രം 'തിരുമേനി'ക്കു പിടി കൊടുത്തല്ല. അവൾ കുതറി മാറി ചേറിൽ പോയി പൂഴ്ന്നു കിടന്നു.സ്വാമിയാർ മുടി ചേറിൽ നിന്ന് കുത്തിപ്പിടിച്ച് പൊക്കിയെടുത്ത് '' ഇരിയെടീ പൊലയാടി മോളേ " എന്നു വിളിച്ച് പ്രതിഷ്ഠിച്ചു.ചേർത്തല ഭഗവതി അതാണെന്ന് ഐതിഹൃമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി പറയുന്നു.
 
" ഭഗവതിയമ്മേ നിനക്കെവിടുന്നാടീ ഈയൂറ്റം. പണപ്പായസമല്ല, നിനക്കു വേണ്ടത് കോഴിക്കുരുതിയാണ്.ഒരുമ്പെട്ടോള്'' വി കെ എന്നിന്റെ കല്യാണി, സുന്ദരിയായ ചിന്നമ്മുവിനെ കാണുമ്പോൾ കാർക്കിച്ചു തുപ്പിക്കൊണ്ട് പറഞ്ഞതാണ്. ചിന്നമ്മുവിന് കൊല്ലുന്ന സൗന്ദര്യമാണ്. ഇടിവാളു മാതിരിയല്ലേ വേശ്യ നിന്നു വെട്ടിത്തിളങ്ങുന്നത് .വീണു പോകുന്ന ആണുങ്ങളെ പറഞ്ഞിട്ടു കാര്യമില്ല.'
 
കല്യാണി, ഭഗവതിയമ്മേ എന്നു വിളിച്ചതും സ്വാമിയാർ പൊലയാടി മോളേ എന്നു വിളിച്ചതും ഒരേയർഥത്തിലാണ്. ലജ്ജയില്ലാത്ത സ്ത്രീ എന്നയർഥത്തിൽ വി കെ എന്നിന്റെ മറ്റൊരു കഥാപാത്രം ഒരുത്തിയെ കൊടുങ്ങല്ലൂരമ്മേ എന്നും വിളിക്കുന്നുണ്ട്.
 
ന്യായത്തിൽ തോൽക്കുമെന്നു ഭയപ്പെടുന്നവരുടെ ഒടുവിലത്തെ ആയുധമാണ് തെറികൾ.അതൊരു താളഭംഗമാണ്.
 
എസ്.ശാരദക്കുട്ടി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments