Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

‘അന്ന് അവന്മാർ ഇരുട്ടിൽ തോണ്ടാനും പിടിക്കാനും ഒക്കെ തുടങ്ങി’ - തിയേറ്ററില്‍ പോയപ്പോള്‍ ഉണ്ടായ ദുരനുഭവം വിവരിച്ച് ശാരദക്കുട്ടി

എടപ്പാളിലെ തിയേറ്റർ ഉടമയോട് ബഹുമാനം തോന്നുന്നു

ശാരദക്കുട്ടി
, ഞായര്‍, 13 മെയ് 2018 (10:58 IST)
എടപ്പാളിലെ തിയേറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. തന്റെ ഉടമസ്ഥതയിൽ ഉണ്ടായ ബാലപീഡനം ദൃശ്യങ്ങള്‍ സഹിതം അധികൃതരെ അറിയിക്കാന്‍ മനസ്സ് കാണിച്ച തിയേറ്റര്‍ ഉടമയെ ശാരദക്കൂട്ടി അഭിനന്ദിക്കുന്നുമുണ്ട്. 
 
അതോടൊപ്പം തന്നെ കോട്ടയത്ത് സിനിമ കാണാന്‍ പോയപ്പോള്‍ ഉണ്ടായ ദുരനുഭവവും അവര്‍ വിശദീകരിക്കുന്നുണ്ട്. സിസിടിവിയൊന്നും ഇല്ലാതിരുന്ന കാലത്ത് കാറ്റത്തെ കിളിക്കൂട് കാണാന്‍ തിയേറ്ററില്‍ പോയപ്പോള്‍ ചിലര്‍ ശല്യം ചെയ്ത കാര്യമാണ് എഴുത്തുകാരി വിവരിക്കുന്നത്.  
 
പോസ്റ്റിന്റെ പൂര്‍ണരൂപം:
 
‘തീയേറ്ററുകളില്‍ സിസിടിവി ഇല്ലാത്ത കാലം. കോളേജില്‍ നിന്ന് ഞങ്ങള്‍ 5 പെണ്‍കുട്ടികള്‍ കാറ്റത്തെ കിളിക്കൂട് എന്ന ചലച്ചിത്രം കാണുവാന്‍ കോട്ടയത്തെ ആനന്ദ് തീയേറ്ററില്‍ മാറ്റിനിക്കു കയറി. സിനിമക്കു നല്ല തിരക്കാണ്. 5 സീറ്റ് അടുപ്പിച്ചു കിട്ടിയത് ഭാഗ്യമായി. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ചെറിയ തോണ്ടലുകള്‍ കുത്തലുകള്‍ ഒക്കെ പിന്നില്‍ നിന്ന് കിട്ടാന്‍ തുടങ്ങി. അന്നൊക്കെ സിനിമക്കു പോകുമ്പോള്‍ തത്കാലാശ്വാസത്തിനായി സേഫ്റ്റി പിന്‍, ബ്ലേഡ് ഇതൊക്കെ മിക്കപെണ്‍കുട്ടികളും കയ്യില്‍ കരുതും. തിരിച്ച് ചെറിയ തോതിലുള്ള പ്രതിരോധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒറ്റ ടീമായി വന്നിരിക്കുന്ന അവന്മാര്‍ക്ക് യാതൊരു അടക്കവുമില്ല.
 
സിനിമയില്‍ രേവതി മോഹന്‍ലാലിനോടും ശ്രീവിദ്യയോടുമുള്ള വാശി തീര്‍ക്കാന്‍ ഗോപിയെ പ്രലോഭിപ്പിക്കുന്ന രംഗമായി. ഞങ്ങള്‍ക്ക് സിനിമ ശ്രദ്ധിക്കാനേ കഴിയുന്നില്ല. പിന്നിലൂടെ, വശങ്ങളിലൂടെ കൈകള്‍ നീണ്ടു നീണ്ട് വരുന്നു. ദേഹത്താകെ പരതുന്നു.. മാനേജറുടെ ഓഫീസില്‍ ചെന്ന് പ്രശ്‌നം അവതരിപ്പിച്ചു. അവര്‍ ഉടനെ വന്ന് ശല്യകാരികളെ താക്കീതു ചെയ്തു. ഇറക്കി വിട്ടൊന്നുമില്ല. ഞങ്ങള്‍ സിനിമ കാണാന്‍ ശ്രമിച്ചെങ്കിലും ശ്രദ്ധ കിട്ടുന്നില്ല. ഒരു മനസ്സമാധാനവുമില്ല. തീയേറ്റര്‍ വിട്ട് ഇറങ്ങിപ്പോയതുമില്ല. എന്താന്നു ചോദിച്ചാല്‍ അറിയില്ല. അന്നത്തെ കാലത്ത് ചില ഭയങ്ങള്‍ അങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്നേ ഉത്തരമുള്ളു. ആള്‍ക്കൂട്ടത്തിന്റെ കൂടെ പുറത്തിറങ്ങിയാല്‍ മതിയെന്ന് തമ്മില്‍ത്തമ്മില്‍ വിറയ്ക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ചു ഞങ്ങള്‍ തീരുമാനിച്ചു.
 
ഞങ്ങളാണ് തെറ്റുകാരികളെന്ന് സ്വയം കുറ്റപ്പെടുത്തി. എങ്ങനെയോ രണ്ടര മണിക്കൂര്‍ തള്ളി നീക്കി. സിനിമ തീര്‍ന്നപ്പോഴും ഭയം കുറ്റവാളികള്‍ക്കല്ല, ഞങ്ങള്‍ക്കാണ്, അവന്മാരെ വെളിച്ചത്ത് തിരിച്ചറിയാമല്ലോ എന്നല്ല,അവന്മാര്‍ ഞങ്ങളെ തിരിച്ചറിയുമോ എന്നാണ് വേവലാതി. വേഗമിറങ്ങി തിരക്കിലൂടെ ഓടുകയാണ്. പരസ്പരം ചേര്‍ത്തു പിടിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ ഇടവഴിയില്‍ ചെന്ന് ശ്വാസം നേരെ വിട്ട് ശ്രദ്ധിച്ചപ്പോഴാണ്, ഞങ്ങളില്‍ ഒരാളുടെ നീളമുള്ള തലമുടി ബ്ലേഡ് കൊണ്ട് പലയിടത്തും മുറിച്ചു കളഞ്ഞിരിക്കുന്നു. ഒരാളുടെ വെളുത്ത പാവാടയില്‍ മുറുക്കിത്തുപ്പിയിരിക്കുന്നു.
 
ഇന്നും കാറ്റത്തെ കിളിക്കൂട് ടി വി യില്‍ കാണുമ്പോള്‍ ഞങ്ങള്‍ പരസ്പരം ഫോണില്‍ ബന്ധപ്പെടും. ബലവാന്മാരെ ഭയന്ന് നിശ്ശബ്ദരായിപ്പോയ പെണ്‍കുട്ടിക്കാലത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മ്മയാണ് ഇന്നും ആ ചിത്രം .
 
എടപ്പാളിലെ തീയേറ്ററുടമയോട് ബഹുമാനം തോന്നുന്നു. ഇരുട്ടില്‍ ആരുമറിയാതെ എത്രയോ തീയേറ്ററുകളില്‍ സംഭവിക്കുന്ന ക്രൂരതകളില്‍ ഒന്നു മാത്രമാകാം ഇത്. ആ തീയേറ്ററുടമ കാണിച്ച സാമൂഹിക നീതിബോധം പോലും കാണിക്കാതിരുന്ന പോലീസിനോട് പുച്ഛമാണ് തോന്നുന്നത്. അവര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകണം. നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ വിഷയം മാത്‌റുഭൂമി ചാനല്‍ പുറത്തു കൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ മാന്യന്‍ മൊയ്തീന്‍ കുട്ടി നാളെയും നിര്‍വൃതിക്കായി മറ്റേതെങ്കിലും തീയേറ്ററിലേക്ക് ബെന്‍സില്‍ വന്നിറങ്ങുമായിരുന്നു.
 
മാധ്യമ ധര്‍മ്മം ശരിയായി നിര്‍വ്വഹിച്ച മാതൃഭൂമിയും പൊതു ധര്‍മ്മം നിര്‍വ്വഹിച്ച എടപ്പാളിലെ തീയേറ്റര്‍ ഉടമയും അഭിനന്ദനമര്‍ഹിക്കുന്നു. അന്തസ്സായി ആര്‍ത്തിയും പരവേശവുമില്ലാതെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത ശ്രീജ, ജയപ്രകാശ് ഇവരും അഭിനന്ദനത്തിനര്‍ഹരാണ്’.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എടപ്പാളിലെ പീഡനം; മൊയ്തീൻകുട്ടി നേരത്തേയും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു, കുട്ടിയുടെ ഭാവിയോർത്താണ് മിണ്ടാതിരുന്നതെന്ന് അമ്മ