സരോവരം ബയോ പാർക്കിൽ ലഹരിമരുന്ന് കലർന്ന ജ്യൂസ് നൽകി പത്തൊൻപതുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്‌റ്റിലായ യുവാവിനെ റിമാന്‍ഡ് ചെയ്‌തു. പതിനാല് ദിവസത്തേക്കാണ് പ്രതി മുഹമ്മദ് ജാസിമിനെ (19) കുന്ദമംഗലം കോടതി റിമാന്‍ഡ് ചെയ്‌തത്.
യുവാവിനെതിരെ ബലാത്സംഗം, നഗ്നവിഡിയോ കാണിച്ച് പണം അപഹരിക്കാൻ ശ്രമിക്കൽ, അന്യായമായി തടഞ്ഞുവെക്കല്‍, ഭീഷണിപ്പെടുത്തല്‍, വധഭീഷണി എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ മതപരിവർത്തനശ്രമമുണ്ടായോ എന്നും അന്വേഷിക്കുന്നുണ്ട്.
ചൊവ്വാഴ്‌ച വൈകുന്നേരമാണ് കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജാസിം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. കഴിഞ്ഞ ജൂലായ് 25നാണ് കേസിനാസ്‌പദമായ സംഭവങ്ങളുടെ തുടക്കം.
കോഴിക്കോട്ടുള്ള പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ സിഎയ്ക്കു പഠിക്കുന്ന പെണ്‍കുട്ടിയെ സരോവരം പാര്‍ക്കിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ പിതാവ് വ്യക്തമാക്കുന്നത്.
“കുട്ടുകാരികളുടെ നിർബന്ധത്തിനു വഴങ്ങിയാണ് മകള്‍ സരോവരം ബയോ പാർക്കിൽ പോയത്. അവിടെ കാത്തു നിന്ന ആണ്‍കുട്ടികള്‍ പരിചയപ്പെടുകയും തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി ബോധം കെടുത്തി. ബോധം വന്നപ്പോള്‍ പാര്‍ക്കിനു പിറകിലെ മുറിയില്‍ വസ്ത്രങ്ങളില്ലാതെ കിടക്കുകയായിരുന്നു”.
“ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍റര്‍നെറ്റ് വഴി ഒരു യുവാവ് ബന്ധപ്പെടുകയും സ്വർണവും പണവും നൽകിയില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ആവശ്യപ്പെട്ട പണവും സ്വര്‍ണവും നല്‍കുകയും ചെയ്‌തു. നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിക്കു വഴങ്ങി അതും അയച്ചു നല്‍കി. തുടര്‍ന്ന് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിനായി മതം മാറാണമെന്നും യുവാവ് ആവശ്യപ്പെട്ടു”
മാനസികമായി തകര്‍ന്ന മകള്‍ക്ക് കൗണ്‍സിലിങ് നല്‍കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമിച്ച് വീണ്ടും നഗരത്തില്‍ കൊണ്ടു വന്നു. എന്നാല്‍, തിരികെ ഹോസ്‌റ്റലില്‍ എത്തിയപ്പോള്‍ അവിടെ കാത്തു നിന്ന യുവാവ് കാറ് തടഞ്ഞ് ഡ്രൈവറുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു” - എന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
പെണ്‍കുട്ടിയെ പ്രതി മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചെന്ന് രക്ഷിതാക്കള്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ടെങ്കിലും അറസ്റ്റിലായ പ്രതിക്കെതിരേ ഈ പരാതിയില്‍ ഇപ്പോള്‍ കേസെടുത്തിട്ടില്ല. നടക്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസ് മെഡിക്കൽകോളജ് പൊലീസിനു കൈമാറി.
പരാതി ലഭിച്ചതോടെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് 164 പ്രകാരമുള്ള മൊഴിയും രേഖപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്കടക്കം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് എന്‍ഐഎയും നീരീക്ഷിക്കുന്നുണ്ട്.