പാലക്കാട് 14കാരന്റെ ആത്മഹത്യയില്‍ അധ്യാപികയ്‌ക്കെതിരെ കുടുംബം, ഇന്‍സ്റ്റഗ്രാം മെസേജിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം
പാലക്കാട് കണ്ണാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരനാണ് മരിച്ച അര്‍ജുന്‍.
പാലക്കാട് പല്ലന്‍ചാത്തൂരില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍. അധ്യാപിക ഭീഷണിപ്പെടുത്തിയതില്‍ മനം നൊന്താണ് അര്‍ജുന്‍ ജീവനൊടുക്കിയതെന്നാണ് ആരോപണം. പാലക്കാട് കണ്ണാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരനാണ് മരിച്ച അര്‍ജുന്‍.
കുട്ടികള്‍ തമ്മില്‍ ഇന്‍സ്റ്റയില്‍ മെസേജ് അയച്ച സംഭവവുമായി ബന്ധപ്പെട്ട് അധ്യാപിക നടത്തിയ ഇടപെടലാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇന്‍സ്റ്റഗ്രാം മെസേജില്‍ അധ്യാപിക മോശം വാക്കുകള്‍ ഉപയോഗിച്ചെന്ന് നേരത്തെ പരാതി വന്നിരുന്നു. ഈ വിഷയം രക്ഷിതാക്കള്‍ ഇടപ്പെട്ട് പരിഹരിച്ചിരുന്നു. തൊട്ടടുത്ത ദിവസം ക്ലാസ് ടീച്ചര്‍ അര്‍ജുനെ കുട്ടികളുടെ മുന്നില്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്നും നിരന്തരം അപമാനിച്ചെന്നും കുടുംബം പറയുന്നു.
വിഷയത്തില്‍ ഇടപെട്ട അധ്യാപിക കുട്ടിയുടെ ചെവിയില്‍ പിടിച്ച് തല്ലിയതായി ബന്ധുക്കളും സഹപാഠികളും പറയുന്നു. അര്‍ജുനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലില്‍ കിടത്തുമെന്നും അധ്യാപിക പറഞ്ഞിരുന്നതായി സഹപാഠികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം കുട്ടിയെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ഇടപെട്ടിട്ടില്ലെന്നും തെറ്റ് കണ്ടപ്പോള്‍ ഇടപെടുക മാത്രമാണുണ്ടായതെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്.