തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ ഭാഗികമായി തുറക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. നയപരമായ തീരുമാനമെടുത്താൽ ഈ മാസം 15 മുതൽ സ്കളുകൾ തുറക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതായാണ് വിവരം. പത്ത് പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമായിരിയ്ക്കും പ്രവേശനം. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് വിദ്യാർത്ഥികളെ പ്രത്യേക ബാച്ചുകളാക്കി തിരിച്ചായിരിയ്ക്കും ക്ലാസുകൾ.
എന്നാൽ ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം മാത്രമായിരിയ്കും സ്കൂളുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. ഒക്ടോബർ 15ന് ശേഷം സ്കൂളുകൾ ഭാഗികമായി തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു എങ്കിലും സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ സർക്കാർ പഴയ സ്ഥിതി തുടരുകയായിരുന്നു. ഈ മാസം പകുതിയോടെ രോഗവ്യാപനത്തിൽ കുറവുണ്ടാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.