Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എനിക്ക് താങ്ങാന്‍ പറ്റുന്നില്ല, ഒരു നോക്ക് കാണാന്‍ പോലും പറ്റില്ലല്ലോ,'; നന്ദുവിന്റെ വിയോഗത്തില്‍ തേങ്ങി നടി സീമ

Cancer Patient Nandu Mahadeva Passes Away
, ശനി, 15 മെയ് 2021 (12:10 IST)
അതിജീവനത്തിന്റെ മറുപേരായിരുന്നു മലയാളികള്‍ക്ക് നന്ദു മഹാദേവ. എല്ലാവരെയും തന്നിലേക്ക് ആകര്‍ഷിക്കുന്ന ഒരു പോസിറ്റിവിറ്റി എന്നും നന്ദുവിനുണ്ടായിരുന്നു. അര്‍ബുദത്തോട് പോരാടി ചിരിച്ചുനില്‍ക്കുന്ന നന്ദുവിന്റെ മുഖം എങ്ങനെ മറക്കും? നന്ദുവിന്റെ മരണം എല്ലാവരെയും വേദനിപ്പിക്കുന്നു. താന്‍ മകനെ പോലെ കാണുന്ന നന്ദുവിന്റെ വിടവാങ്ങല്‍ സഹിക്കാന്‍ പറ്റുന്നില്ലെന്ന് നടി സീമ ജി.നായര്‍ പറയുന്നു. ഈ വേദന താങ്ങാന്‍ പറ്റുന്നില്ലെന്നും അക്ഷരങ്ങള്‍ കണ്ണുനീരില്‍ കുതിരുകയാണെന്നും സീമ പറഞ്ഞു. 
 
സീമയുടെ വാക്കുകള്‍ ഇങ്ങനെ: 

അതിജീവനത്തിന്റെ രാജകുമാരന്‍ യാത്രയായി 
 
ഇന്ന് കറുത്ത ശനി... 
 
വേദനകള്‍ ഇല്ലാത്ത ലോകത്തേയ്ക്കു എന്റെ നന്ദുട്ടന്‍ പോയി (നന്ദുമഹാദേവ ). എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാന്‍ അറിഞ്ഞിരുന്നു. ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു, അവന്റെ ജീവന്‍ തിരിച്ചു നല്‍കണേയെന്നു. പക്ഷെ.... 
 
പുകയരുത്..ജ്വാലിക്കണം..തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്..മറ്റുള്ളവര്‍ക്കെല്ലാം ധൈര്യം കൊടുത്തിട്ട്..നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു..
 
നന്ദുട്ടാ എനിക്ക് താങ്ങാന്‍ പറ്റുന്നില്ല മോനെ..നിന്നെ ഒരു നോക്ക് കാണാന്‍ പോലും പറ്റില്ലല്ലോ..എനിക്ക് വയ്യ എന്റെ ദൈവമേ..നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്..എനിക്ക് വയ്യ..എന്റെ അക്ഷരങ്ങള്‍ കണ്ണുനീരില്‍ കുതിരുന്നു..എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്...

ആരാണ് നന്ദു മഹാദേവ 
 
ഓരോ നിമിഷവും അതിജീവനത്തിന്റെ സന്ദേശം നല്‍കി ഞെട്ടിക്കുകയായിരുന്നു നന്ദു മഹാദേവ എന്ന ചെറുപ്പക്കാരന്‍. ശരീരത്തെ അര്‍ബുദം കാര്‍ന്നു തിന്നുമ്പോഴും നന്ദുവിന്റെ മുഖത്ത് നിലയ്ക്കാത്ത പുഞ്ചിരിയുണ്ടായിരുന്നു. എന്തിനെയും നേരിടുമെന്ന് നന്ദു ആവര്‍ത്തിച്ചു പറഞ്ഞു. ഒടുവില്‍ അവസാന നിമിഷം വരെ പോരാടിയാണ് നന്ദു ഈ ജീവിതത്തോട് യാത്ര പറയുന്നത്. 
 
ആരോഗ്യനില കൂടുതല്‍ മോശമായപ്പോള്‍ ഇനി രക്ഷയില്ലെന്ന് നന്ദുവിന് അറിയമായിരുന്നു. ശ്വാസകോശത്തെ അര്‍ബുദം ബാധിച്ചതോടെ സ്ഥിതി മോശമായി. നാലുവര്‍ഷം മുന്‍പാണ് നന്ദു അര്‍ബുദ ബാധിതനാകുന്നത്. കാലിലും ശ്വാസകോശത്തിലും കരളിലും ബാധിച്ച അര്‍ബുദം പിന്നീട് ഇരു കൈകളേയും ബാധിച്ചു. 24-ാം വയസ്സിലാണ് Osteosarcoma എന്ന ബോണ്‍ ക്യാന്‍സര്‍ ഇടതുകാലിന്റെ മുട്ടില്‍ വേദനയുടെ രൂപത്തിലെത്തുന്നത്. തുടക്കത്തില്‍ ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞില്ല. ഒടുവില്‍ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. പിന്നീട് ശ്വാസകോശത്തെയും കരളിനെയും അര്‍ബുദം ബാധിച്ചു. ഇരു കൈകളെ കൂടി ക്യാന്‍സര്‍ കാര്‍ന്നു തിന്നാന്‍ തുടങ്ങിയപ്പോഴും നന്ദു പുഞ്ചിരിയോടെ അതിനെയെല്ലാം നേരിട്ടു. ഒരു വര്‍ഷവും നാല് മാസവുമായി കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നന്ദു. 
 
രോഗം രൂക്ഷമായപ്പോള്‍ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി. ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞെന്നും ഇനി അധികമൊന്നും ചെയ്യാന്‍ ഇല്ലെന്നും ഡോക്ടര്‍ നന്ദുവിനോട് പറഞ്ഞു. കീമോ നിര്‍ത്തി. പാലിയേറ്റിവ് മാത്രമായി. മരണം തൊട്ടടുത്തെത്തിയെന്ന് നന്ദുവിന് മനസിലായി. അപ്പോഴും സങ്കടപ്പെട്ട് ഇരിക്കാന്‍ നന്ദു തയ്യാറല്ലായിരുന്നു. ഈ സമയത്ത് കൂട്ടുകാരെയെല്ലാം കൂട്ടി നന്ദു ഗോവയിലേക്ക് ടൂര്‍ പോയി. അവസാന നിമിഷം വരെ അടിച്ചുപൊളിക്കണമെന്നായിരുന്നു നന്ദുവിന്. യാത്രയ്ക്കിടെ വേദന വന്നാല്‍ തരണം ചെയ്യാന്‍ മോര്‍ഫിന്‍ എടുത്തുകൊണ്ടിരുന്നു. എന്നാല്‍, ഫലമുണ്ടായില്ല. എങ്കിലും ഗോവന്‍ ബീച്ചിലും പബ്ബിലുമൊക്കെ പോയി സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചുപൊളിച്ചാണ് നന്ദു തിരിച്ചെത്തിയത്. 

ഇന്നു പുലര്‍ച്ചെയാണ് നന്ദു മരണത്തിനു കീഴടങ്ങിയത്. പുലര്‍ച്ചെ മൂന്നരയോടെയാണ് അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 'അതിജീവനം' കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു നന്ദു. തന്നെ പോലെ ക്ലേശം അനുഭവിക്കുന്നവര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ നന്ദു സഹായം അഭ്യര്‍ത്ഥിക്കാറുണ്ട്. 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വേദനിക്കുന്നവര്‍ക്ക് എന്നും ആത്മധൈര്യം പകര്‍ന്ന് മരണത്തെ പുഞ്ചിരിയോടെ പുണര്‍ന്ന യുവ സാഹസികനാണ് നന്ദു': കുമ്മനം