ന്യൂഡൽഹി: ബി.ജെ.പിയിലേക്കെന്ന പ്രചാരണത്തിൽ വ്യക്തത വരുത്തി കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എംപി. ഓൺലൈൻ മാധ്യമത്തിനു നൽകിയ പോഡ്കാസ്റ്റിന്റെ പൂർണരൂപത്തിലാണു തരൂരിന്റെ പ്രതികരണം. ബി.ജെ.പിയിലേക്കില്ലെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. പാർട്ടിയിൽനിന്നു മാറി സ്വതന്ത്രനായി നിൽക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു തരൂരിന്റെ പ്രതികരണം.
കോൺഗ്രസിലാണോ ഭാവിയെന്ന ചോദ്യത്തിനു താനൊരു ജ്യോതിഷിയല്ലെന്നായിരുന്നു മറുപടി. രാഷ്ട്രീയത്തിൽ വന്ന കാലം മുതൽ ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ കുറ്റം കണ്ടുപിടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഓരോ പാർട്ടിക്കും അവരുടെ ചരിത്രവും വിശ്വാസമുണ്ടാവും. ഒന്നിലെ വിശ്വാസവുമായി ചേരാൻ കഴിയാതാകുമ്പോൾ മറ്റൊന്നിൽ ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെ കണ്ടപ്പോൾ ഹിന്ദുമതത്തിന്റെ പേരിൽ രാജ്യത്തു നടക്കുന്ന ചില കാര്യങ്ങൾ ശരിയല്ലെന്ന് പറഞ്ഞപ്പോൾ ഭാഗവത് അതിനോടു യോജിച്ചു. ഇക്കാര്യം പരസ്യമായി പറയാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ എല്ലാത്തിനെയും കുറിച്ചു പ്രതികരിക്കാൻ കഴിയുമോ എന്നായിരുന്നു മറുപടിയെന്നും തരൂർ പറഞ്ഞു.