മലപ്പുറം പുത്തനത്താണിയിലെ ഏഴ് വയസുകാരന്റെ മരണകാരണം ഷിഗെല്ലെയെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. മറ്റാര്‍ക്കും രോഗ ലക്ഷണങ്ങളില്ലെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വയറിളക്കത്തെ തുടർന്ന് അവശനായി ചികിത്സയിലിരുന്ന കുട്ടി വെള്ളിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വീട്ടുകാര്‍ക്കൊപ്പം കുട്ടി അടുത്തിടെ മൂന്നാറിലും കൊടൈക്കനാലിലും പോയിരുന്നു. ചില ബന്ധുവീടുകളിലും പോയിട്ടുണ്ട്. ഇവിടെ നിന്നാവാം കുട്ടിക്ക് രോഗം പിടിപ്പെട്ടതെന്നാണ് നിഗമനം.
പ്രാഥമിക പരിശോധനയില്‍ രോഗം ഷിഗല്ലയെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായ പരിശോധന ഫലം ഇതുവരെ ആരോഗ്യ വകുപ്പിന് കിട്ടിയിട്ടില്ല. ഇതുവരെ മറ്റാര്‍ക്കും രോഗ ലക്ഷണങ്ങില്ലെന്ന് ഡിഎംഒ ഡോ. ആര്‍ രേണുക പറഞ്ഞു. രോഗം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതുമായ സ്ഥാപനങ്ങളില്‍ പരിശോധനയും കര്‍ശനമാക്കി.