രാവ് ഉറങ്ങാതെ മഹാശിവരാത്രി
രാവ് ഉറങ്ങാതെ മഹാശിവരാത്രി
വ്രതശുദ്ധിയുടെ പരകോടിയില്‍ നില്‍ക്കുന്നതിനാലാണ് ശിവരാത്രി മറ്റ് ഉത്സവങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി തോന്നുന്നത്. ഹൈന്ദവരുടെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് മഹാ ശിവരാത്രി. കുംഭമാസത്തിലെ കൃഷണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. ചതുർദ്ദി ദിവസമാണ് ശിവരാത്രി. ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ക്രമമായി പാലിക്കുന്നവരാണ് ശിവരാത്രി വ്രതം എടുക്കുക. കൂവളത്തിന്റെ ഇലകൾ ശിവന് സമർപ്പിക്കുന്നതും ഉപവാസം അനുഷ്‌ഠിച്ച് ഉറക്കമിളയ്ക്കുന്നതും വ്രതമെടുത്ത് താലം എടുക്കുന്നതും ശിവരാത്രിയുടെ പ്രധാന ആചാരങ്ങൾ ആണ്.
മനുഷ്യവംശം അജ്ഞാനത്തിന്റെ, ആസക്തികളുടെ, അരാജകത്വത്തിന്റെ മഹാനിദ്രയിലമർന്ന ഈ കാലഘട്ടത്തിൽ നന്മയുടെ കെടാവിളക്കുമായിട്ടാണ് ശിവരാത്രി കടന്നുവരാറുള്ളത്. കാമം, ക്രോധം, ലോഭം, മോഹം, അഹങ്കാരം എന്നിവയുടെ ശാപത്തിൽ നിന്നു മുക്തമാകാനാണ് വ്രതാനുഷ്‌ഠാനം. കര്‍മ്മയോഗിയായി ജീവിക്കുക എന്നതാണ് യഥാര്‍ത്ഥ ഉപവാസം കൊണ്ടു ഉദ്ദേശിക്കുന്നത്.
ഐതീഹ്യം: ഹിന്ദു പുരാണങ്ങളിൽ മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് രണ്ട് ഐതീഹ്യങ്ങളാണുള്ളത്.
മഹാവിഷ്ണുവിനെയും ശിവനെയും ബ്രഹ്മാവിനെയും ബന്ധപ്പെടുത്തിയാണ് ശിവരാത്രി ഐതീഹ്യം. മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്നും മുളച്ച് വന്ന താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്‍റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന ഉത്തരം ബ്രഹ്മാവിന് തൃപ്തി നല്‍കിയില്ല. അവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു.
ഒരു ശിവലിംഗം അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. അതിന്‍റെ മേലഗ്രവും കീഴഗ്രവും ദൃശ്യമായിരുന്നില്ല. അഗ്രങ്ങള്‍ കണ്ട് പിടിക്കാന്‍ ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ സഞ്ചരിച്ചിട്ടും ഉദ്ദേശം ഫലിക്കാതെ രണ്ട് പേരും പൂര്‍വസ്ഥാനത്ത് വന്ന് നിന്നു. അപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് തന്‍റെ നിരതിശയമായ പ്രാധാന്യത്തെ അറിയിച്ചു. ശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നു. തുടർന്ന് എല്ലാ വർഷവും ഈ ദിവസം വ്രതം സ്വീകരിക്കണമെന്ന് ശിവൻ അറിയിച്ചു.
പാലാഴിമഥനം നടത്തിയപ്പോൾ ലോകരക്ഷയ്ക്കു വേണ്ടി മഹാദേവൻ കാളകൂടവിഷം പാനം ചെയ്തു. വിഷം ഭഗവാനെ ബാധിക്കാതിരിക്കാൻ ലോകരെല്ലാം ഉറങ്ങാതെ വ്രതം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചു. ശിവഭഗവാൻ വിഷം പാനം ചെയ്ത ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. ഈ ദിവസം വ്രതമനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചത് ഭഗവാന്‍ തന്നെയാണെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു. ഹിന്ദു പുരാണങ്ങളിലെ മറ്റൊരു ഐതീഹ്യം ഇതാണ്.
സർവ്വപാപത്തിന്റെയും പരിഹാര കർമം: ശിവരാത്രി
ശിവനുമായി ബന്ധപ്പെട്ട പുണ്യദിനം. ശിവപ്രീതിക്കും പാപപരിഹാര മാർഗത്തിനും ഭക്തജനങ്ങൾ വ്രതമനുഷ്‌ഠിക്കുകയാണ് ശിവരാത്രിയിൽ. ഗുരുശാപം, സ്ത്രീശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം. പാപങ്ങൾ കഴുകിക്കളയുന്ന മഹാഗംഗ തന്നെയാണ് ശിവരാത്രി വ്രതമെന്നും വിശ്വസിച്ച് പോരുന്നു.
പിതൃപൂജ: പൂര്‍വികരുടെ ബലിപൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം. ശിവരാത്രിയുടെ തലേദിവസം രാവിലെ കുളിച്ച് ശിവക്ഷേത്ര ദർശനം നടത്തണം. വീടിന്റെ മുറ്റം ചാണകം മെഴുകി വൃത്തിയായ സ്ഥലത്ത് നിലവിളക്ക് കൊളുത്തിവെക്കണം. അതിനു മുന്നിൽ ഒരു നാക്കില വെക്കുക. പൂവ്, നെല്ല്, ചന്ദനം എന്നിവ ഒരുമിച്ച് കൈയിൽ തൊഴുതുപിടിച്ച് ' ഓം പിതൃഭ്യോ നമഃ' എന്ന് എട്ടു പ്രാവശ്യം ജപിച്ച് ഇലയിൽ സമർപ്പിക്കുക. ഇത് ഏഴ് തവണ ആവർത്തിക്കണം. പിന്നെ നിലവിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത ശേഷം നമസ്കരിച്ച് ഇലയും അക്ഷതവും ഒഴുക്കുള്ള ജലാശയത്തിൽ കളയുക. കർമങ്ങൾ എല്ലാം കഴഞ്ഞതിനു ശേഷം മത്രമേ പാനീയങ്ങൾ പാടുള്ളു.