സംസ്ഥാനത്തെ സ്‌കൂള്‍ സിലബസ് ലഘൂകരിക്കുന്ന കാര്യത്തില്‍ സംസ്ഥാന കരിക്കുലം കമ്മിറ്റി വിശദമായ ചര്‍ച്ചകള്‍ നടത്തി ഉടന്‍ തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കുട്ടികളുടെ പഠനഭാരം ശാസ്ത്രീയമായി പരിശോധിച്ച് മാത്രമേ മാറ്റം വരുത്തുകയുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി.
കേവലം പുസ്തകസഞ്ചിയുടെ ഭാരം കുറയ്ക്കല്‍ മാത്രമല്ല, മറിച്ച് മാനസികമായ ഭാരം കൂടി കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥമായ ഇടപെടലിന്റെ ഭാഗമാണ് ഇതെന്ന് മന്ത്രി പറഞ്ഞു.
കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'ഇവോള്‍വിങ് ടെക്സ്റ്റ്' എന്ന ആശയമാണ് പാഠ്യപദ്ധതി ചട്ടക്കൂടില്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. പാഠഭാഗങ്ങളുടെ എണ്ണം കൂടിയത് കൊണ്ട് മാത്രം അറിവ് വര്‍ദ്ധിക്കണമെന്നില്ല. കണ്ടന്റ് കൂടുന്നതിലല്ല കാര്യം അത് എക്സ്പെരിമെന്റല്‍ ലേണിംഗ് രീതിയിലൂടെ പഠിപ്പിച്ച് ആഴത്തിലുള്ള പഠനം നടക്കുന്നു എന്ന് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.
പുതുക്കിയ പാഠപുസ്തകങ്ങളെക്കുറിച്ച് അധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും നിരന്തരം ഫീഡ്ബാക്ക് ശേഖരിക്കുന്നുണ്ട്. ചില വിഷയങ്ങളില്‍ 'കണ്ടന്റ് ലോഡ്' കൂടുതലാണെന്ന അഭിപ്രായം വന്നിട്ടുണ്ട്. ഇത് ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.