അക്രമ രാഷ്ട്രീയം സിപിഎം നയമല്ല, സഖാക്കൾ ആക്രമിക്കപ്പെട്ടാൽ പ്രതിരോധിക്കും; തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തും - യെച്ചൂരി
സഖാക്കൾ ആക്രമിക്കപ്പെട്ടാൽ പ്രതിരോധിക്കും; തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തും - യെച്ചൂരി
അക്രമ രാഷ്ട്രീയം സിപിഎമ്മിന്റെ നയമല്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശത്രുക്കളെ ജനാധിപത്യപരമായി നേരിടുന്നതാണ് പാര്‍ട്ടിയുടെ ശൈലി. അതേസമയം, സഖാക്കൾ ആക്രമിക്കപ്പെട്ടാൽ പ്രതിരോധിക്കും. തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ യെച്ചൂരി പറഞ്ഞു.
അക്രമ രാഷ്ട്രീയത്തിന് എന്നും ഇരയായിട്ടുള്ളതും നഷ്ടമുണ്ടായിട്ടുള്ളത്. സിപിഎമ്മിനെതിരെ എല്ലാ തരത്തിലുമുള്ള ആക്രമണം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ കാലം ആവശ്യപ്പെടുന്ന പോരാട്ടം ഏറ്റെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും യെച്ചൂരി പറഞ്ഞു.
ഇടതു പാര്‍ട്ടികളുടെ ഐക്യം രാജ്യത്ത് ഉയര്‍ന്നു വരണം. സിപിഎം ജനാധിപത്യത്തിന്‍റെ ഉദാത്തമാതൃകയാണ്. കേരളത്തിലെപ്പോലെ പാര്‍ട്ടി സംവിധാനം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും യെച്ചൂരി തൃശൂരില്‍ പറഞ്ഞു. സിപിഎം വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണ്. പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യെച്ചൂരി രൂക്ഷമായി വിമർശിച്ചു. വിദേശ യാത്രകളില്‍ മോദിയെ അനുഗമിക്കുന്ന വ്യവസായികള്‍ ആരെന്ന് വ്യക്തമാക്കാന്‍ തയ്യാറാകണം. മോദി ‘മൗനേന്ദ്ര മോദി’യായി മാറി കഴിഞ്ഞു. ബാങ്ക് വായ്പാ തട്ടിപ്പിൽ അദ്ദേഹത്തിന്റേത് കുറ്റകരമായ മൗനമാണെന്നും യെച്ചൂരി ആരോപിച്ചു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും മോദി സർക്കാരിന് നടപ്പാക്കാൻ കഴിഞ്ഞില്ല. കർഷകരുടെ കടം എഴുതിത്തള്ളുന്നതിനേക്കാളും മൂന്നു മടങ്ങാണ് വൻകിട കോർപ്പറേറ്റുകളുടെ കടം എഴുതിത്തള്ളിയത്. തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന മാധ്യമങ്ങളുടെ വായടപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ബഹുസ്വരതതെ ഇല്ലാതാക്കാന്‍ ആർഎസ്എസ് ശ്രമിക്കുമ്പോള്‍ രാജ്യത്തിന്റെ അടിസ്ഥാനസ്വഭാവത്തെ ബിജെപി കടന്നാക്രമിക്കുന്നു. ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ട ഘട്ടമാണിത്. ഇക്കാര്യത്തില്‍ സിപിഎമ്മിന് ചരിത്രപരമായ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നവഉദാരവത്കരണ നയങ്ങളോട് ഒത്തുതീര്‍പ്പ് അസാധ്യമാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.