Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശിവഗിരി മഹാതീര്‍ത്ഥാടനത്തിന് തുടക്കമായി

ശിവഗിരി മഹാതീര്‍ത്ഥാടനത്തിന് തുടക്കമായി
ശിവഗിരി , ചൊവ്വ, 30 ഡിസം‌ബര്‍ 2014 (12:16 IST)
എണ്‍പത്തിരണ്ടാമത് ശിവഗിരി മഹാതീര്‍ത്ഥാടനത്തിന് തുടക്കമായി. ശിവഗിരിയും പരിസരവും ഇനിയുള്ള മൂന്നുനാള്‍ തീര്‍ത്ഥാടക ലക്ഷങ്ങളാല്‍ നിറയും.  ശിവഗിരിക്കുന്നുകള്‍ ഇനി ഭക്തിസാന്ദ്രം. നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ ശിവഗിരിയിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്.  ഗുരു സ്തുതികളാല്‍ മുഖരിതമാണ് ശിവഗിരിയും വര്‍ക്കല പ്രദേശങ്ങളും. തീര്‍ത്ഥാടനത്തിന് നാന്ദി കുറിച്ച്  രാവിലെ 7.30 ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധര്‍മ്മ പതാക ഉയര്‍ത്തി.

പുലര്‍ച്ചെ അഞ്ചിന് പര്‍ണ്ണശാലയില്‍ ശാന്തിഹവനം, ശാരദാമഠത്തില്‍ വിശേഷാല്‍ പൂജ, ഗുരു സമാധിയില്‍ സമൂഹ പ്രാര്‍ത്ഥന തുടങ്ങിയ ചടങ്ങുകള്‍ക്കു ശേഷമാണ് പതാക ഉയര്‍ത്തിയത്. ഇക്കുറി ദുബായില്‍ നിന്നാണ് ധര്‍മ്മ പതാക കൊണ്ടുവന്നത്. മൂന്നുദിവസത്തെ തീര്‍ത്ഥാടന പരിപാടികള്‍  ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു. സ്വാമി അമൃതാനന്ദ ഭദ്രദീപം കൊളുത്തി. സ്വാമി പ്രകാശാനന്ദ അദ്ധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സമ്മേളനം 11.30ന്  കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടക്കും.  'ശുചിത്വ ഭാരതം -ഗുരുദര്‍ശനത്തിലൂടെ" എന്ന സമ്മേളനം 12 ന്   കേന്ദ്രമന്ത്രി ബംഗാരുദത്താത്രേയ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. എം.കെ. മുനീര്‍ അദ്ധ്യക്ഷത വഹിക്കും. മുന്‍ മന്ത്രി ഡോ. തോമസ് ഐസക്  മുഖ്യാതിഥിയായിരിക്കും. സ്വാമി സദ്രൂപാനന്ദ തമിഴില്‍ പരിഭാഷപ്പെടുത്തിയ ദൈവദശകം പ്രാര്‍ത്ഥന ചൊല്ലും. സ്വാമി അമേയാനന്ദ സ്വാഗതവും ചെറുന്നിയൂര്‍ ഡി. രാധാകൃഷ്ണന്‍ നന്ദിയും പറയും.

ദൈവദശകം രചനാശതാബ്ദി സമ്മേളനം വൈകിട്ട് 5ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഫ്രഞ്ച് ഭാഷയില്‍ ദൈവദശകത്തിന്റെ പരിഭാഷ ദേവികാ കുഞ്ഞുമോന്‍ (ന്യൂഡല്‍ഹി) ചൊല്ലും. ആര്‍.കെ. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.ബാബു മുഖ്യാതിഥിയായിരിക്കും. മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബെസേലിയോസ് ക്ലീമിസ്, ചാലക്കുടി ടൗണ്‍ മസ്ജിദ് ഇമാം ഹുസൈന്‍ ബാഖാവി, ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് വി. മുരളീധരന്‍ എന്നിവര്‍ മതസമന്വയ സന്ദേശം നല്‍കും. സ്വാമി ഗുരുപ്രസാദ്, സ്വാമി അസ്പര്‍ശാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും ഇടിവ്