'ദേശീയ ഗാനമായിരുന്നെങ്കില്‍ എന്ത് ഭംഗിയായേനെ'; ഗണഗീതത്തില്‍ ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്.
തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിർദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്.
ഏത് സാഹചര്യത്തിലാണ് കുട്ടികളെ കൊണ്ട് പോയി പാട്ട് പാടിപ്പിച്ചത് എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അറിയിച്ച മന്ത്രി, റിപ്പോർട്ട് എത്രയും പെട്ടന്ന് തന്നെ സമർപ്പിക്കണമെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ പരിപാടിയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയതിന്റെ യുക്തിയില്‍ സംശയം പ്രകടിപ്പിച്ച മന്ത്രി, ഗണഗീത്തിന് പകരം ദേശീയ ഗാനം പാടിയിരുന്നു എന്ത് ഭംഗിയായേനെ എന്നും പ്രതികരിച്ചു.
സിബിഎസ് സി സ്‌കൂളിലെ കുട്ടികളാണ് ഗാനം ആലപിച്ചത്. എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ എന്ന നിലയിലാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി ഭരണഘടനാ തത്വങ്ങളുടെയും മതനിരപേക്ഷതയുടെയും നഗ്‌നമായ ലംഘനമാണെന്ന് മന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു.