കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച എം ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഐസിയുവിലാണ് നിലവിൽ ശിവശങ്കർ. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ശിവശങ്കറിന്റെ ഡിസ്കിന് തകരാറ് സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
ശിവശങ്കറിന്റെ ചികിത്സയ്ക്കായി ഓർത്തോപീഡിക് തലവന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡും രൂപീകരിച്ചിട്ടുണ്ട്. കസ്റ്റംസ് കേസിൽ മുൻകൂർ ജാമ്യം തേടി ശിവശങ്കർ ഹൈക്കോടതിയെ സമിപിച്ചേക്കും. ഇഡി രജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കറിന് ഹൈക്കോടതി കഴിഞ്ഞദിവസം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഓർത്തോ ഐസിയുവിൽ കഴിയുന്ന ശിവശങ്കറിന്റെ മൊഴിയെടുത്ത ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്താൻ നിയമപ്രകാരം കസ്റ്റംസിനാകു. മെഡിക്കൽ ബോർഡിന്റെ തീരുമാനം ഇതിൽ നിർണായകമാകും. ശിവശങ്കർ ഐസിയുവിൽ തന്നെ തുടരട്ടെ എന്നാണ് ഡോക്ടർമാരുടെ തീരുമാനം. കസ്റ്റംസ് അറസ്റ്റിന് ഒരുങ്ങുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.