കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വന്നിറങ്ങിയ നാല് യാത്രക്കാരിൽ നിന്നായി അനധികൃതമായി കൊണ്ടുവന്ന 1.67 കോടി രൂപയുടെ സ്വർണം പിടികൂടി. വസ്ത്രങ്ങൾക്കുള്ളിൽ ചെരിച്ചുപിടിപ്പിച്ചും വെജിറ്റബിൾ ചോപ്പറിൽ ഒളിപ്പിച്ചുമാണ് ഇവർ 2.42 കിലോ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശിയിൽ നിന്നാണ് വെജിറ്റബിൾ ചോപ്പറിൽ ഒളിപ്പിച്ച നിലയിലുള്ള 16.08 ലക്ഷം രൂപയുടെ 232 ഗ്രാമിന്റെ സ്വർണ്ണം പിടിച്ചത്. ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയിൽ നിന്ന് 80.78 ലക്ഷത്തിന്റെ 789 ഗ്രാം സ്വർണ്ണവും റാസൽഖൈമയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്ന് 54 ലക്ഷം രൂപയുടെ സ്വർണ്ണ മിശ്രിതവുമാണ് പിടികൂടിയത്.
ഇവർക്കൊപ്പം ദോഹയിൽ നിന്നെത്തിയ താമരശേരി സ്വദേശിയിൽ നിന്ന് 16 ലക്ഷത്തിന്റെ 225 ഗ്രാമിന്റെ സ്വർണ്ണവുമാണ് പിടിച്ചത്.
ഇതിനൊപ്പം രണ്ടു യാത്രക്കാരിൽ നിന്നായി 3.6 ലക്ഷം രൂപയുടെ വിദേശ സിഗരറ്റും പിടികൂടി. മൂവായിരം സിഗററ്റുകളാണ് പിടികൂടിയത്. കാസർകോട് സ്വദേശികളായ ഇരുവരും മസ്കറ്റിൽ നിന്നാണ് എത്തിയത്. കള്ളക്കടത്തുമായി കസ്റ്റംസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.