മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അന്തിമരൂപം നല്‍കി. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ തീവ്രത കണക്കിലെടുത്ത്, 06.03.2024 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം മനുഷ്യ വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നു. 07.03.2024-ലെ GO(Ms) നമ്പര്‍ 4/2024/DMD പ്രകാരം മനുഷ്യ വന്യജീവി സംഘര്‍ഷം ഒരു സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. മനുഷ്യ മൃഗ സംഘട്ടനങ്ങള്‍ പ്രതിരോധിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി ഉന്നത ഉദ്യോഗസ്ഥരുടെ സംസ്ഥാനതല സമിതിയും രൂപീകരിച്ചിട്ടുണ്ട്.
പാമ്പ് കടിയേറ്റുള്ള മരണം പുതുക്കിയ മാനദണ്ഡപ്രകാരം ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു . പാമ്പ് കടിയേറ്റുള്ള മരണത്തിന് 4 ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നല്‍കും. വന്യമൃഗ സംഘര്‍ഷത്തെ പ്രതിരോധിക്കുന്നതിനിടയില്‍ കിണറുകള്‍/ വളപ്പിലെ മതില്‍/ വേലികള്‍/ ഉണക്കുന്ന അറകള്‍/എം.എസ്.എം.ഇ യൂണിറ്റുകള്‍ തുടങ്ങിയ ആസ്തികള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ പരമാവധി ഒരു ലക്ഷം രൂപ എസ്. ഡി. ആര്‍. എഫില്‍ നിന്ന് അനുവദിക്കാനും തീരുമാനിച്ചു.
വനം വകുപ്പില്‍ സംസ്ഥാന തലത്തിലും ഡിവിഷന്‍ തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കും. ഇതിനായി 3.72 കോടി രൂപക്കുള്ള നിര്‍ദ്ദേശം അംഗീകരിച്ചു. ഇത് ഒറ്റത്തവണ ഗ്രാന്റാണ്. സംസ്ഥാന വനം എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍, ഡിവിഷണല്‍ വനം എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനച്ചെലവും വാര്‍ഷിക പരിപാലനച്ചെലവും വനംവകുപ്പ് വഹിക്കും.