ആഭരണം ഊരിവെച്ച് അമ്മ കുളിക്കാൻ പോയി; മോഷണം നടത്തി മുങ്ങിയ മകൻ ലോഡ്‌ജിൽ നിന്ന് പിടിയിൽ
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
വീട്ടിൽ നിന്ന് അമ്മയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ മകൻ അറസ്റ്റിൽ. അയർക്കുന്നം സ്വദേശി ആൽബിൻ ആണ് അറസ്റ്റിലായത്. കുളിക്കാൻ കയറിയ സമയത്താണ് ആഭരണങ്ങൾ കാണാതാകുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ തന്നെയാണ് മോഷണം നടത്തിയത് എന്ന് തെളിഞ്ഞത്. ചെന്നൈയിൽ പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞ് മുങ്ങിയ ആൽബിനെ പാലക്കാട്ട് ഒരു ലോഡ്ജിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ജോലി കഴിഞ്ഞെത്തിയ അമ്മ വളയും മോതിരവും വീട്ടിനുള്ളിൽ ഊരിവെച്ച് പുറത്തുള്ള കുളിമുറിയിൽ കുളിക്കാൻ പോയി. കുളി കഴിഞ്ഞെത്തിയപ്പോൾ ആഭരണങ്ങൾ ഇല്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. വീടിന്റെ മുൻ വരാന്തയിൽ ഈ സമയം ആൽബിൻ ഇരിക്കുന്നുണ്ടായിരുന്നു. സംഭവം നടന്നതിന്റെ പിറ്റേന്ന് മകൻ ചെന്നൈയിൽ പഠിക്കാൻ പോയെന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ പൊലീസ് ആൽബിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണം നടത്തുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കോട്ടയത്തും തുടർന്ന് എറണാകുളത്തും ഇയാളുടെ ഫോൺ കോൾ കണ്ടെത്തി. തുടർന്നു സൈബർ സെൽ സഹായത്തോടെ പാലക്കാട്ടെ ലോഡ്ജിൽ മുറിയെടുത്ത് വിശ്രമിക്കുകയായിരുന്ന യുവാവിനെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച ഒരു വള വിറ്റ് 50000 രൂപ ഇയാൾ കൈക്കലാക്കിയുന്നു. വീട്ടുകാർ നിർദേശിച്ചതനുസരിച്ചു കേസ് ഒഴിവാക്കി.