Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരിക്കുമ്പോൾ ശ്രീനന്ദയുടെ ശരീരഭാരം 25 കിലോ മാത്രം, മരണത്തിന് കാരണമായത് അനോറെക്സിയ നെർവോസ എന്ന രോഗാവസ്ഥ

മരിക്കുമ്പോൾ ശ്രീനന്ദയുടെ ശരീരഭാരം 25 കിലോ മാത്രം, മരണത്തിന് കാരണമായത് അനോറെക്സിയ നെർവോസ എന്ന രോഗാവസ്ഥ

അഭിറാം മനോഹർ

, ബുധന്‍, 12 മാര്‍ച്ച് 2025 (15:17 IST)
കഴിഞ്ഞ ദിവസമാണ് യൂട്യൂബിലെ ഡയറ്റ് അനുസരിച്ച് ശരീരഭാരം കുറച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചതായുള്ള വാര്‍ത്ത പുറത്തുവന്നത്. കൂത്തുപറമ്പ് മെരുവമ്പായിയില്‍ 18കാരി ശ്രീനന്ദ മരിക്കുമ്പോള്‍ 25 കിലോഗ്രാം മാത്രമായിരുന്നു ശരീരഭാരം. രക്തസമ്മര്‍ദ്ദവും ഷുഗര്‍ ലെവലും ഏറെ താഴ്ന്ന നിലയിലായിരുന്നു. പേശീഭാരം തീരെയില്ലാത്ത അവസ്ഥയിലായിരുന്നു കുട്ടിയെ അഡ്മിറ്റ് ചെയ്തതെന്ന് കുട്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ പറയുന്നു.
 
 മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു ശ്രീനന്ദ. വണ്ണം കൂടുതലാണെന്നുള്ള ധാരണയില്‍ കുറച്ച് നാളായി യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതായിരുന്നു പ്രശ്‌നമായത്. ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിക്കുമ്പോള്‍ ശരീരഭാരം 20-25 കിലോയും ബിപി 70ഉം ഷുഗര്‍ ലെവല്‍ 45 സോഡിയം 120 എന്ന നിലയിലായിരുന്നു. കുട്ടിക്ക് അനോറെക്‌സിയ നെര്‍വോസ എന്ന സെക്യാട്രിക് സാഹചര്യമാണുണ്ടായതെന്നും അത് വീട്ടുകാര്‍ക്ക് തിരിച്ചറിയാനായില്ലെന്നും ശരീരഭാരം തീരെ കുറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ നാഗേഷ് പറഞ്ഞു.
 
 ഡിപ്രഷന്‍ പോലെ മാനസിക രോഗാവസ്ഥയാണ് അനോറെക്‌സിയ നെര്‍വോസ. തുടക്കത്തിലെ ഇതിന് ചികിത്സ നല്‍കിയില്ലെങ്കില്‍ നിയന്ത്രണവിധേയമാകില്ല. ഈ രോഗാവസ്ഥയുള്ളവര്‍ ഭക്ഷണം കുറയ്ക്കുകയും തടി കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ശരീരം ഇതിനോട് പൊരുത്തപ്പെടുന്നതോടെ വിശപ്പ്, ദാഹം എന്നിവ കുറഞ്ഞുവരുന്നു. ഗുരുതരമായ ഈറ്റിങ് ഡിസോര്‍ഡറും മാനസികാരോഗ്യപ്രശ്‌നവുമാണിത്. ഈ രോഗാവസ്ഥയിലുള്ളവര്‍ തടി കുറയ്ക്കാന്‍ ഭക്ഷണം ഉപേക്ഷിക്കുന്നതിനൊപ്പം അമിതമായി വ്യായാമം ചെയ്യുകയും കഴിച്ച ഭക്ഷണം ഛര്‍ദ്ദിച്ച് കളയാന്‍ ശ്രമിക്കുകയും ചെയ്യും. പട്ടിണി കൂടി കിടക്കുന്ന സാഹചര്യത്തിലേക്ക് മാറുമ്പോള്‍ സ്ഥിതി ഗുരുതരമായി മാറും.
 
 ശരീരം വണ്ണം വെയ്ക്കുമോ എന്ന് വണ്ണം തീരെ കുറഞ്ഞ സാഹചര്യത്തിലും അനോക്‌സിയ നെര്‍വോസ എന്ന രോഗാവസ്ഥയുള്ളവര്‍ക്ക് തോന്നലുണ്ടാകും. പ്രായ, ലിംഗഭേദമില്ലാതെ ഈ അവസ്ഥ ആളുകളില്‍ കാണാം. ഉത്കണ്ഠ,ആത്മവിശ്വാസകുറവ് തുടങ്ങിയവയാണ് ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നത്. തുടക്കസമയത്ത് തന്നെ കൗണ്‍സലിങ്ങ് ഉള്‍പ്പടെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനായാല്‍ ഈ രോഗാവസ്ഥയെ മറികടക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എയര്‍ടെല്ലിന് പിന്നാലെ അംബാനിയുടെ ജിയോ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി കരാര്‍ ഒപ്പിട്ടു