വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാര്‍ത്ഥി അവശനിലയില്‍. കോഴിക്കോട് വരക്കല്‍ ബീച്ചിലെ തട്ടുകടയിലാണ് സംഭവം. വിനോദയാത്രയ്ക്ക് വന്ന കുട്ടിയാണ് ആസിഡ് കഴിച്ചത്. വിദ്യാര്‍ത്ഥി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പഠനയാത്രയുടെ ഭാഗമായി കോഴിക്കോട് ബീച്ചിലെത്തിയ കുട്ടി വെള്ളമാണെന്ന് കരുതി ആസിഡ് കുടിക്കുകയായിരുന്നു.
ആസിഡ് കുടിച്ച കുട്ടി സുഹൃത്തിന്റെ തോളിലേക്ക് ഛര്‍ദിച്ചു. ഈ ഛര്‍ദി ദേഹത്ത് വീണ വിദ്യാര്‍ത്ഥിക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയില്‍നിന്നാണ് ആസിഡ് കുടിച്ചത്. ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. എന്നാല്‍ ഈ കുപ്പിയില്‍ ഉണ്ടായിരുന്നത് ആസിഡാണ്. തൃക്കരിപ്പൂര്‍ സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥികളെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
അതേസമയം ബീച്ചുകളിലും മറ്റുമുള്ള പെട്ടിക്കടകളില്‍ ഉപ്പിലിട്ടത് പെട്ടെന്ന് പകമാക്കാന്‍ വേണ്ടി ആസിഡ് ഉപയോഗിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. നഗരസഭാ അധികൃതര്‍ ജാഗ്രത പുലര്‍ത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.