'അച്ഛനും അമ്മയും എന്റെ മരണത്തില്‍ വിഷമിക്കരുത്'; കെഎംസിടി മെഡിക്കല്‍ കോളേജിന് മുകളില്‍ നിന്ന് ചാടി മരിച്ച പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു
കെഎംസിടി മെഡിക്കല്‍ കോളേജിന് മുകളില്‍ നിന്ന് ചാടി മരിച്ച പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു
മുക്കം കെ എം സി ടി മെഡിക്കല്‍ കോളേജിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ഊഷ്മള്‍ ഉല്ലാസിന്റെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് വ്യക്തമാക്കി.
അച്ഛനും അമ്മയും തന്റെ മരണത്തില്‍ വിഷമിക്കരുതെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. അതേസമയം കുടുംബപരമായി യാതൊരു പ്രശ്‌നവും ഇല്ലെന്നും കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ വന്നപ്പോള്‍ ഊഷ്മള്‍ സന്തോഷവതിയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഇന്നലെയാണ് കോളേജിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി അവസാനവര്‍ഷ എം ബി ബിഎസ് വിദ്യാര്‍ത്ഥിനിയും തൃശൂര്‍ ഇടത്തിരുത്തി സ്വദേശിനിയുമായ ഊഷ്മള്‍ ആത്മഹത്യചെയ്തത്. ബുധനാഴ്ച വൈകിട്ട് നാലിന് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലില്‍ എത്തിയ ഊഷ്മള്‍ 4.30ന് ഔട്ട് പാസ് എതിയാണ് പുറത്ത് പോയത്. ഊഷ്മള്‍ ഫോണില്‍ കയര്‍ത്ത് സംസാരിക്കുന്നത് സുരക്ഷാ ജീവനക്കാര്‍ കണ്ടിരുന്നു.