Publish Date: Mon, 23 May 2022 (14:26 IST)
Updated Date: Mon, 23 May 2022 (14:29 IST)
കൊട്ടാരക്കര: കെ.എസ്.ആർ.ടി സി യിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെയും ഭാര്യയേയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി, വിവരം അറിഞ്ഞ നാട്ടുകാർ ഇവരെ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയിൽ ഭാര്യ മരിച്ചു. വെട്ടിക്കവലയിലാണ് സംഭവം. കെ.എസ്.ആർ.ടി സി യിൽ നിന്ന് വിരമിച്ച നന്ദകുമാർ, ഭാര്യ ആനന്ദവല്ലി എന്നിവരാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.
രാവിലെയായിട്ടും വീട് തുറക്കാത്തതിനാൽ അയൽവാസികൾ നടത്തിയ പരിശോധനയിൽ ഇവരെ വീട്ടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തി. നാട്ടുകാർ വാതിൽ പൊളിച്ചു ഇരുവരെയും പുറത്തെടുത്തു. ആദ്യം പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും ആനന്ദവല്ലി മരിച്ചിരുന്നു. നന്ദകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് ഇവർ ഈ കടുംകൈക്ക് മുതിർന്നത് എന്നാണു നാട്ടുകാർ പറയുന്നത്. കെ.എസ്.ആർ.ടി സി യിൽ നിന്ന് വിരമിച്ച ശേഷം നന്ദകുമാർ കോക്കാട് കശുവണ്ടി ഫാക്ടറിക്ക് മുന്നിൽ ചായക്കട നടത്തിയിരുന്നു. എന്നാൽ ഫാക്ടറി അടച്ചതോടെ കച്ചവടം പൂട്ടി. ഇവരുടെ മകൻ പ്ലസ് റ്റു വിനു പഠിക്കുന്ന സമയത്ത് വീടുവിട്ടുപോയ ശേഷം ഇതുവരെ തിരിച്ചെത്തിയിട്ടില്ല.