Suresh Gopi: കാബിനറ്റ് പദവി മോഹിച്ചു, സഹമന്ത്രിയാണെന്ന് അറിഞ്ഞപ്പോള്‍ ഒഴിയാന്‍ നോക്കി; ഒടുവില്‍ സത്യപ്രതിജ്ഞ ചെയ്തത് മോദിയുടെ നിര്‍ബന്ധത്തില്‍ !
ഇന്നലെ രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ സുരേഷ് ഗോപിയും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്
Suresh Gopi: കാബിനറ്റ് പദവി ഇല്ലാത്തതിനാല്‍ കേന്ദ്രമന്ത്രി സ്ഥാനം നിഷേധിക്കാന്‍ ശ്രമിച്ച് സുരേഷ് ഗോപി. സഹമന്ത്രി സ്ഥാനം മാത്രമേ ലഭിക്കൂ എന്ന സാഹചര്യം വന്നതോടെ സിനിമ തിരക്കുകള്‍ ചൂണ്ടിക്കാണിച്ചു ഒഴിഞ്ഞുമാറാനാണ് സുരേഷ് ഗോപി ശ്രമിച്ചത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി കേന്ദ്ര നേതൃത്വവും നിര്‍ബന്ധിച്ചതോടെയാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കാബിനറ്റ് റാങ്കോ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സ്വതന്ത്ര മന്ത്രി സ്ഥാനമോ വേണമെന്നായിരുന്നു സുരേഷ് ഗോപിയുടെ നിലപാട്. എന്നാല്‍ ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ഘടകകക്ഷികള്‍ക്ക് കാബിനറ്റ് റാങ്കോടെയുള്ള മന്ത്രിസ്ഥാനം നല്‍കാന്‍ ബിജെപി നിര്‍ബന്ധിതരായി. ഇതാണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരാന്‍ കാരണമായത്.
ഇന്നലെ രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ സുരേഷ് ഗോപിയും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. 51-ാമനായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തില്‍ ആയിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇംഗ്ലീഷിലാണ് സുരേഷ് ഗോപി സത്യവാചകം ചൊല്ലിയത്. ഷര്‍ട്ടും മുണ്ടും ആയിരുന്നു സുരേഷ് ഗോപിയുടെ വേഷം.
കേരളത്തില്‍ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ബിജെപി അംഗമാണ് സുരേഷ് ഗോപി. തൃശൂരില്‍ നിന്നാണ് സുരേഷ് ഗോപി ജയിച്ചത്. 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപിയുടെ ജയം. നേരത്തെ രാജ്യസഭാംഗമായിരുന്നു സുരേഷ് ഗോപി.