Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചുഴലിക്കാറ്റ് രൂപപ്പെടുന്നത് എപ്പോള്‍? 'ടൗട്ടെ' കേരള തീരം തൊടുമോ?

ചുഴലിക്കാറ്റ് രൂപപ്പെടുന്നത് എപ്പോള്‍? 'ടൗട്ടെ' കേരള തീരം തൊടുമോ?
, വെള്ളി, 14 മെയ് 2021 (11:18 IST)
ന്യൂനമര്‍ദം രൂപപ്പെടുന്നതാണ് ചുഴലിക്കാറ്റിന്റെ ആരംഭം. ന്യൂനമര്‍ദം പിന്നീട് അതിതീവ്ര ന്യൂനമര്‍ദമാകുകയും അത് ചുഴലിക്കാറ്റായി രൂപാന്തരപ്പെടുകയും ചെയ്യും. എല്ലാ അതിതീവ്ര ന്യൂനമര്‍ദങ്ങളും ചുഴലിക്കാറ്റാകില്ല. ചിലത് ഉള്‍ക്കടലില്‍ വച്ച് തന്നെ ദുര്‍ബലമാകുകയും തീരം തൊടാതെ പിന്‍വാങ്ങുകയും ചെയ്തു. കഴിഞ്ഞ 30 വര്‍ഷത്തെ (1990-2020) കണക്ക് എടുത്താല്‍ അറബിക്കടലിലും ബംഗാള്‍ ഉല്‍ക്കടലിലുമായി ആകെ 22 ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടു. ഇതില്‍ 14 ചുഴലിക്കാറ്റുകള്‍ ബംഗാള്‍ ഉല്‍ക്കടലിലും 8 എണ്ണം അറബിക്കടലിലും രൂപപ്പെട്ടു.

ഇപ്പോഴത്തെ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലിലാണ് രൂപംകൊണ്ടിരിക്കുന്നത്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം അതിതീവ്രമാകും. ശനിയാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ, തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തില്‍ പൊതുവെ അതിതീവ്രമഴ, കടല്‍ക്ഷോഭം, ഇടിമിന്നല്‍ എന്നിവയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യത. കേരള തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചു. കടല്‍ പ്രക്ഷുബ്ധമാകും. തീരപ്രദേശ മേഖലകളില്‍ കൂടുതല്‍ ജാഗ്രത വേണം. 

അതിതീവ്ര മഴയ്ക്കുള്ള (റെഡ് അലര്‍ട്ട്) സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്.

വരുന്നു 'ടൗട്ടെ'; ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ്

ലക്ഷദ്വീപിനു സമീപം വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം മേയ് 15,16 ഓടെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത പ്രവചിക്കുന്നത്. 
 
'ടൗട്ടെ' (Taukte) എന്നാണ് ഈ ചുഴലിക്കാറ്റിന്റെ പേര്. മ്യാന്‍മാര്‍ ആണ് ചുഴലിക്കാറ്റിന് ഈ പേരിട്ടത്. കേരളത്തില്‍ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്റെ സഞ്ചാരപദത്തില്‍ കേരളം ഇല്ലെങ്കിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കടലാക്രമണത്തിനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ സംസ്ഥാനത്ത് തുടരുകയാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല്‍, ശക്തമായ കാറ്റ് ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുക. ഇടിമിന്നല്‍ സമയത്ത് പുറത്തിറങ്ങുന്നത് കര്‍ശനമായി ഒഴിവാക്കുക. കെട്ടിടങ്ങള്‍ക്ക് അകത്തോ വാഹനങ്ങള്‍ക്ക് ഉള്ളിലോ സുരക്ഷിതമായി തുടരുക.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീവ്രമഴ: ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്