കാട്ടാനയുടെ ചവിട്ടേറ്റല്ല യുവാവ് മരിച്ചത്, വെടിയേറ്റ്; സംഭവത്തില്‍ ദുരൂഹതയേറുന്നു
തട്ടേക്കാട്ട് യുവാവ് മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റല്ലെന്ന് റിപ്പോര്‍ട്ട്
തട്ടേക്കാട് വനത്തിലേക്ക് നായാട്ടിനു പോയ യുവാവു മരിച്ചത് ആനയുടെ ആക്രമണത്തിലല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. പക്ഷിസങ്കേതത്തിന്റെ ഭാഗമായ തൊപ്പിമുടിക്കു സമീപം ബുധനാഴ്ച രാത്രിയിലാണ് തട്ടേക്കാട് ഞായപ്പിള്ളി വഴുതനപ്പിള്ളി മാത്യുവിന്റെ മകൻ ടോണി മരിച്ചത്.
വെടിയേറ്റ് രക്തം വാർന്നാണ് ടോണി മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടത്തിന്റെ ആദ്യനിഗമനം. ടോണിയുടെ ശരീരത്തിൽനിന്നു വെടിയുണ്ട കണ്ടെടുത്തു. കൂടാതെ അദ്ദേഹത്തിന്റെ ശരീരത്തില്‍ മറ്റു സാരമായ പരുക്കുകളില്ലെന്നും ആലപ്പുഴ മെഡിക്കൽ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.
ടോണി മാത്യുവിന്റെ വെടിയേറ്റു തുടയെല്ല് പൂർണമായും ചിതറിയ നിലയിലായിരുന്നു. ഇവിടെനിന്നു വൻതോതിൽ രക്തം വാർന്നുപോയതാണ് മരണത്തിന് കാരണമായതെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, നായാട്ടു സംഘത്തിലെ രക്ഷപ്പെട്ട ഞായപ്പിള്ളി സ്വദേശികളായ ഷൈറ്റ് (40), അജീഷ് (35) എന്നിവർ ഇപ്പോളും ഒളിവിലാണ്.