പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം
തായ്ലന്‍ഡില്‍ നിന്നു കൊണ്ടുവന്ന പുലിപ്പല്ലാണിതെന്നാണ് വേടന്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്.
പുലിപ്പല്ല് കൈവശം വച്ച സംഭവത്തില്‍ വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം. കഞ്ചാവ് കേസില്‍ പിടിയിലായ വേടന് കുരുക്കായത് പുലിപ്പല്ല് കൊണ്ടുണ്ടാക്കിയ മാലയാണ്. തായ്ലന്‍ഡില്‍ നിന്നു കൊണ്ടുവന്ന പുലിപ്പല്ലാണിതെന്നാണ് വേടന്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. കഴിഞ്ഞദിവസം കോടനാട് വനംവകുപ്പ് ഓഫീസിലേക്ക് വേടനെ കൊണ്ടുപോയിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
കുറ്റം തെളിഞ്ഞാല്‍ മൂന്നു മുതല്‍ ഏഴ് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ശിക്ഷയായി ലഭിക്കും. ഇന്ത്യയില്‍ പുലിപ്പല്ല് കൈവശം വയ്ക്കുന്നത് ജാമ്യമില്ല കുറ്റമാണ്. അതേസമയം വിദേശത്തുനിന്നെത്തിച്ചതായാലും ഇത് കുറ്റമാണ്. കഞ്ചാവ് കൈവശം വച്ചതിന് വേടനെയും റാപ്പ് സംഘത്തിലെ എട്ടു പേരെയും കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റിലെ പരിശോധനയില്‍ ആറു ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. കൂടാതെ ഫ്‌ലാറ്റില്‍ നിന്ന് ഒന്‍പതര ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്.
മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണ് പണമെന്നാണ് വേടന്‍ വ്യക്തമാക്കിയത്. ഇതിനുശേഷം വേടന്‍ ധരിച്ചിരുന്ന മാലയെക്കുറിച്ച് പോലീസ് ചോദിക്കുകയായിരുന്നു. അപ്പോഴാണ് ഇത് ഒറിജിനല്‍ ആണെന്നും തായ്ലാന്‍ഡില്‍ നിന്ന് എത്തിച്ചതാണെന്നും വേടന്‍ പറഞ്ഞത്.