‘അസഭ്യ വര്‍ഷത്തിനൊപ്പം കല്ലേറും കൈയേറ്റശ്രമവും’; പ്രതിഷേധക്കാരുടെ തനിനിറം തുറന്നുകാട്ടി സുഹാസിനി രാജ് - പൊലീസില്‍ പരാതി
‘അസഭ്യ വര്‍ഷത്തിനൊപ്പം കല്ലേറും കൈയേറ്റശ്രമവും’; പ്രതിഷേധക്കാരുടെ തനിനിറം തുറന്നുകാട്ടി സുഹാസിനി രാജ് - പൊലീസില്‍ പരാതി
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച റിപ്പോർട്ടിംഗിന് എത്തിയ ന്യൂയോർക്ക് ടൈംസിന്റെ ഡൽഹി ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് പൊലീസില്‍ പരാതി നല്‍കി. താന്‍ മരക്കൂട്ടത്ത് വച്ച അക്രമിക്കപ്പെട്ടുവെന്നും കൈയേറ്റശ്രമം നടന്നുവെന്നുമാണ് പൊലിസില്‍ നല്‍കിയ പരാതി.
തനിക്ക് നേരെ കല്ലേറുണ്ടായെന്നും സുഹാസിനി നല്‍കിയ പരാതിയില്‍ പറയുന്നു. ഇവരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
ഇന്ന് രാവിലെ 7.30ഓടെയാണ് അമ്പതോളം വരുന്ന പൊലീസുകാരുടെ സംരക്ഷണയിൽ സുഹാസിനിയും സഹപ്രവർത്തകൻ കാൾ ഷ്വാസും പമ്പയിൽ നിന്ന് കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോയത്.
പ്രതിഷേധക്കാർ മരക്കൂട്ടത്തിന് തൊട്ടുതാഴെ വച്ച് സുഹാസിനിയെ തടഞ്ഞു. വിശ്വാസികളെന്ന് അവാകാശപ്പെട്ട് എത്തിയ ഒരു കൂട്ടമാളുകള്‍ ഇവരെ അക്രമിക്കാന്‍ ശ്രമിക്കുയും തെറിവിളിക്കുകയുമായിരുന്നു.
അസഭ്യവർഷത്തിനൊപ്പം കൈയേറ്റ ശ്രമവും ശക്തമായതോടെ സുഹാസിനി പിന്‍വാങ്ങാന്‍ തയ്യാറാവുകയായിരുന്നു. മോശം ഭാഷ ഉപയോഗിച്ചാണ് പ്രതിഷേധക്കാര്‍ ഇവരെ നേരിട്ടത്.
താൻ റിപ്പോർട്ടിങ്ങിനെത്തിയതാണെന്ന് ഇവർ പറഞ്ഞെങ്കിലും പ്രതിഷേധക്കാർ കണക്കിലെടുത്തില്ല. ഇതേത്തുടർന്ന് മനപ്പൂർവം ഒരു പ്രശ്നത്തിനില്ലെന്ന് വ്യക്തമാക്കി സുഹാസിനി മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.