പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; അത്യാവശ്യത്തിനു മാത്രം നഗരത്തിലേക്ക് ഇറങ്ങുക, കനത്ത ഗതാഗത നിയന്ത്രണം
11 മണി വരെ തമ്പാനൂരില്‍ നിന്നുള്ള ബസ് സര്‍വീസുകള്‍ വികാസ് ഭവനില്‍ നിന്നാകും ആരംഭിക്കുക
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടു അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ കനത്ത സുരക്ഷ. നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി., ട്രെയിന്‍ സര്‍വീസ് എന്നിവയ്ക്കും നിയന്ത്രണമുണ്ട്. അത്യാവശ്യക്കാര്‍ മാത്രം നഗരത്തിലേക്ക് ഇറങ്ങുകയാണ് ഇന്ന് ഉചിതം.
ശംഖുമുഖം, ഓള്‍സെയിന്റ്‌സ്, ചാക്ക, പേട്ട, പാറ്റൂര്‍, ആശാന്‍ സ്‌ക്വയര്‍, ആര്‍ബിഐ, പനവിള, മോഡല്‍ സ്‌കൂള്‍ ജങ്ഷന്‍, അരിസ്റ്റോ ജങ്ഷന്‍, തമ്പാനൂര്‍ വരെയുള്ള റോഡുകളിലും ബേക്കറി ജങ്ഷന്‍, വാന്‍ റോസ്, സെന്‍ട്രല്‍ സ്റ്റേഡിയം വരെയുള്ള റോഡുകളിലും രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. പൊതുപരിപാടികളുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങള്‍ പ്രധാന റോഡിലോ ഇടറോഡുകളിലോ പാര്‍ക്ക് ചെയ്യരുത്. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനല്‍ ഇന്നു രാവിലെ എട്ടു മണി മുതല്‍ രാവിലെ 11 വരെ അടച്ചിടും. ഡിപ്പോയിലെ കടകള്‍ക്കും പ്രവര്‍ത്തനാനുമതിയില്ല. 11 മണി വരെ തമ്പാനൂരില്‍ നിന്നുള്ള ബസ് സര്‍വീസുകള്‍ വികാസ് ഭവനില്‍ നിന്നാകും ആരംഭിക്കുക.