സ്വയം രാജിവയ്ക്കില്ല, മുഖ്യമന്ത്രി പറഞ്ഞാല്‍ രാജി; ആരോപണങ്ങൾക്കു പിന്നിൽ ഒരു ഗൂഢസംഘം - മന്ത്രി തോമസ് ചാണ്ടി
സ്വയം രാജിവയ്ക്കില്ല, മുഖ്യമന്ത്രി പറഞ്ഞാല്‍ രാജി: മന്ത്രി തോമസ് ചാണ്ടി
സ്വയം രാജിവയ്ക്കാനില്ലെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞാൽ രാജിവയ്ക്കാൻ തയ്യാറാണ്. ആരോപണങ്ങൾക്കു പിന്നിൽ ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ട്. കൈയേറ്റം തെളിഞ്ഞാൽ എല്ലാ പദവികളും രാജിവയ്ക്കാന്‍ ഒരുക്കമാണെന്നും മന്ത്രി വ്യക്തമാക്കി.
ആരോപണം നിയമസഭാ സമിതിയോ വിജിലൻസോ അന്വേഷിക്കട്ടെ. വിഷയത്തില്‍ ആലപ്പുഴ മുനിസിപ്പാലിറ്റി ഇടപെടേണ്ട ആവശ്യമില്ല. ഒരു നുള്ളു ഭൂമി പോലും ഇതുവരെ കൈയേറിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുമുള്ള അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.
നേരത്തെ, തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ട് നിർമിക്കുന്നതിനായി കായല്‍ മണ്ണിട്ട് നികത്തിയെന്നു സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടർ റവന്യൂമന്ത്രിക്ക് ഇടക്കാല റിപ്പോർട്ടു നൽകിയിരുന്നു. ഭൂഘടനയില്‍ വ്യത്യാസം വന്നതായി തെളിയിക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ ഉൾപ്പെടെയാണ് റിപ്പോര്‍ട്ട് സമർപ്പിച്ചത്. ഭൂനിയമങ്ങളുടെ ലംഘനമുണ്ടായെന്നും വിശദമായ പരിശോധന ആവശ്യമുണ്ടെന്നും കലക്ടര്‍ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട റവന്യു രേഖകൾ 15 ദിവസത്തിനകം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭാ കൗണ്‍സിൽ നോട്ടീസ് അയച്ചിരുന്നു.
നഗരസഭ ലേക് പാലസിന് നല്‍കിയിരുന്ന നികുതിയിളവ് പിന്‍വലിക്കാനും നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. മുമ്പുണ്ടായിരുന്ന നികുതി പരിശോധിച്ച് നഗരസഭയ്ക്കുണ്ടായ നഷ്ടം ഈടാക്കാനും നഗരസഭ കൗണ്‍സിലില്‍ തീരുമാനമുണ്ടായി.