ചെങ്ങന്നൂരിലെ വിജയം ഇടത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ തന്നെയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ജനങ്ങള്‍ നല്‍കിയ അംഗീകാരം കേരളീയ മനസിന്റെ പ്രതിബിംബം കൂടിയാണ്. എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ബിജെപി സൃഷ്ടിക്കുന്ന വെല്ലുവിളിയെന്ന മട്ടില്‍ മൃദുഹിന്ദുത്വത്തെ പുണരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തെയും ചെങ്ങന്നൂര്‍ ജനത തള്ളിക്കളഞ്ഞിരിക്കുന്നുവെന്നും. മതനിരപേക്ഷ രാഷ്ട്രീയം കൂടുതല്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കാന്‍ ഇടതുപക്ഷത്തിനും സിപിഐഎമ്മിനും ലഭിച്ച കരുത്തുറ്റ പിന്തുണയാണ് ഈ ചരിത്രവിധിയെന്നും തോമസ് ഐസക് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
എൽഡിഎഫ് സർക്കാരിൻ്റെ വിലയിരുത്തലായി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു ഫലത്തെ കരുതാമോ എന്നാണ് തെരഞ്ഞെടുപ്പുവേളയില്‍ ആവർത്തിച്ചുയർന്ന ചോദ്യം. തീർച്ചയായും ഇടതു സർക്കാരിൻ്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തല്‍ തന്നെയാണ് ഈ വിജയം. ദീർഘവീക്ഷണത്തോടെ സർക്കാർ ആവിഷ്കരിക്കുന്ന വികസന പദ്ധതികൾക്കും മതനിരപേക്ഷയിലൂന്നിയ ഇടതു രാഷ്ട്രീയത്തിനും ചെങ്ങന്നൂരിലെ ജനങ്ങള്‍ നൽകിയ അംഗീകാരം കേരളീയമനസിൻ്റെ പ്രതിബിംബം കൂടിയാണ്.
വിജയം സുനിശ്ചിതമായിരുന്നു. മണ്ഡലത്തിലെ ചരിത്ര ഭൂരിപക്ഷം നേടി സജി ചെറിയാന്‍ വിജയിക്കുമ്പോള്‍ രണ്ടുകാര്യങ്ങള്‍ നിസംശയം പറയാം. ഏറ്റവും പ്രധാനം ബിജെപിയ്ക്കു നേരിട്ട തിരിച്ചടിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഹൈന്ദവ വിഭാഗങ്ങളെ കോർത്തു പിടിച്ച് സൃഷ്ടിച്ച ജാതിസംഘടനകളുടെ കൂട്ടുകെട്ട് ഇപ്പോള്‍ തകർന്നിരിക്കുന്നു. അന്ന് രാജ്യത്ത് ആഞ്ഞുവീശിയ മോദി തരംഗത്തില്‍ പ്രചോദിതരായ വിഭാഗത്തിനും പുനർവിിന്തനമുണ്ടായി. തൽഫലമായി ബിജെപിയുടെ വോട്ടില്‍ ചോർച്ചയുണ്ടായി.
ഇതോടൊപ്പം പ്രധാനമായി ഞാന്‍ കാണുന്നത്, ചെങ്ങന്നൂരിലെ ഇടത്തരക്കാരില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റമാണ്. മറ്റുപ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി അറുപതു ശതമാനത്തോളം ഇടത്തരം സമ്പന്നരുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. വിദേശ കുടിയേറ്റത്തിൻ്റെ ഭാഗമായിവന്ന സാമ്പത്തിക വളർച്ചയാണത്. ഇതേവരെ ഇടതു രാഷ്ട്രീയത്തോട് വിപ്രതിപത്തിപുലർത്തിയ വിഭാഗമായിരുന്നു ഇത്. എന്നാല്‍ കെ കെ രാമചന്ദ്രന്‍ നായര്‍ ചെങ്ങന്നൂരില്‍ സാധ്യമാക്കിയ വികസന പ്രവർത്തനങ്ങള്‍ ഈ വിഭാഗത്തിൽപ്പെട്ടവരെ വൻതോതില്‍ സ്വാധീനിച്ചിട്ടുണ്ട്. യുഡിഎഫിനോട് രാഷ്ട്രീയമായ ആഭിമുഖ്യം പുലർത്തുന്നവര്‍ പോലും പ്രദേശത്തിൻ്റെ വികസനത്തിന് എൽഡിഎഫ് ജനപ്രതിനിധി വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ജനവിധിയിൽ ആ ചിന്തയ്ക്കുള്ള വലിയ പ്രധാന്യമാണ് ഭൂരിപക്ഷം ഇത്രത്തോളം വർദ്ധിപ്പിച്ചത്
എൽഡിഎഫ് സർക്കാരിൻ്റെ പ്രവർത്തനങ്ങളെ ഒരു പരമ്പരാഗത യുഡിഎഫ് മണ്ഡലം ഹൃദയത്തിൽ ചേർക്കുകയാണ്. ഒപ്പം, ബിജെപി സൃഷ്ടിക്കുന്ന വെല്ലുവിളിയെന്ന മട്ടിൽ മൃദുഹിന്ദുത്വത്തെ പുണരുന്ന കോൺഗ്രസ് രാഷ്ട്രീയത്തെയും ചെങ്ങന്നൂര്‍ ജനത തള്ളിക്കളഞ്ഞിരിക്കുന്നു. മതനിരപേക്ഷ രാഷ്ട്രീയം കൂടുതല്‍ ശക്തമായി ഉയർത്തിപ്പിടിക്കാന്‍ ഇടതുപക്ഷത്തിനും സിപിഐഎമ്മിനും ലഭിച്ച കരുത്തുറ്റ പിന്തുണയാണ് ഈ ചരിത്രവിധി.