Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ വൈഭവം സുപ്രികോടതിയ്ക്കുള്ളിലായിരുന്നില്ലേ, സർ, പ്രകടമാകേണ്ടിയിരുന്നത്: ശ്രീധരൻപിള്ളക്കെതിരെ ചോദ്യശരങ്ങളെറിഞ്ഞ് തോമസ് ഐസക്

ആ വൈഭവം സുപ്രികോടതിയ്ക്കുള്ളിലായിരുന്നില്ലേ, സർ, പ്രകടമാകേണ്ടിയിരുന്നത്: ശ്രീധരൻപിള്ളക്കെതിരെ ചോദ്യശരങ്ങളെറിഞ്ഞ് തോമസ് ഐസക്
, വ്യാഴം, 18 ഒക്‌ടോബര്‍ 2018 (16:20 IST)
ശബരിമല സ്ത്രീ പ്രവേശനത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളക്ക് നേരെ ചോദ്യങ്ങൾ ചോദിച്ച് ധനമന്ത്രി തോമസ് ഐസക്. നേരത്തെ ശ്രീധരൻ പിള്ളക്ക് അയച്ച തുറന്ന കത്തിലെ ചോദ്യങ്ങളിലെ ഉത്തരങ്ങൾക്ക് വ്യക്ത ആവശ്യപ്പെട്ടാണ് തോമസ് ഐസക് ഫെയ്സ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. 
 
എന്തുകൊണ്ടാണ് സ്വന്തം നിയമപരിജ്ഞാനവും ഭരണഘടനാ വൈദഗ്ധ്യവും ഈ കേസിൽ അദ്ദേഹം സുപ്രിംകോടതിയിൽ പ്രകടിപ്പിക്കാത്തത്? അദ്ദേഹത്തോടുള്ള എന്റെ ഒന്നാമത്തെ ചോദ്യം അതായിരുന്നു. അതിന്റെ കാരണമറിയാൻ വിശ്വാസിസമൂഹത്തിന് അവകാശമുണ്ട് എന്ന് തോമസ് ഐസക്ക് ഫെയ്ബുക്ക് കുറിപ്പിൽ പറയുന്നു. 
 
ഫെയിസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 
 
താൻ വാദിച്ചാൽ ആടു പട്ടിയാകുമെന്ന ആത്മവിശ്വാസത്തോടെയാണോ ബഹുമാന്യനായ ശ്രീധരൻ പിള്ള പത്രസമ്മേളനത്തിനു തയ്യാറെടുക്കുന്നത്? എന്റെ തുറന്നകത്തിലെ വാദങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടി കണ്ടപ്പോൾ അങ്ങനെയാണ് തോന്നിയത്.
 
ആ വൈഭവം സുപ്രികോടതിയ്ക്കുള്ളിലായിരുന്നില്ലേ, സർ, പ്രകടമാകേണ്ടിയിരുന്നത്? എനിക്ക് ഭരണഘടനയെക്കുറിച്ചും കോടതി നടപടികളെക്കുറിച്ചുമൊക്കെ അജ്ഞതയുണ്ടെന്നാണ് അദ്ദേഹം ആക്ഷേപിക്കുന്നത്. അതവിടെ നിൽക്കട്ടെ.
 
എന്തുകൊണ്ടാണ് സ്വന്തം നിയമപരിജ്ഞാനവും ഭരണഘടനാ വൈദഗ്ധ്യവും ഈ കേസിൽ അദ്ദേഹം സുപ്രിംകോടതിയിൽ പ്രകടിപ്പിക്കാത്തത്? അദ്ദേഹത്തോടുള്ള എന്റെ ഒന്നാമത്തെ ചോദ്യം അതായിരുന്നു. അതിന്റെ കാരണമറിയാൻ വിശ്വാസിസമൂഹത്തിന് അവകാശമുണ്ട്.
 
പത്രസമ്മേളനങ്ങളിലും പൊതുയോഗത്തിലും പ്രകാശിക്കുന്ന നിയമവൈദഗ്ധ്യം കോടതിവിധിയിൽ പ്രതിഫലിക്കില്ല. പ്രഗത്ഭ ക്രിമിനൽ അഭിഭാഷകനെന്നു കീർത്തികേട്ട ശ്രീധരൻ പിള്ളയ്ക്ക് അക്കാര്യം ഞാൻ പറഞ്ഞുകൊടുക്കേണ്ടതല്ലല്ലോ. ഈ കേസിലാണെങ്കിൽ പന്ത്രണ്ടു വർഷം അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നു. വിചാരണവേളയിൽ പലപ്പോഴും സ്ത്രീവിലക്കിനെതിരെ സുപ്രിംകോടതി വാക്കാൽ അഭിപ്രായപ്രകടനം നടത്തുകയും രാജ്യവ്യാപകമായി അക്കാര്യം ചർച്ചയാവുകയും ചെയ്തിരുന്നു.
 
എന്നിട്ടും കേസിൽ കക്ഷി ചേരണമെന്ന് ഭരണഘടനാവിദഗ്ധനും നിയമപണ്ഡിതനുമായ എന്റെ സുഹൃത്തിനു തോന്നിയതേയില്ല. അതിന്റെ കാരണമാണ് തുറന്ന കത്തിലെ എന്റെ ഒന്നാം ചോദ്യം. അക്കാര്യത്തിൽ ഇനിയെങ്കിലും ഒരു മറുപടി പറയണം. എനിക്കു മാത്രമല്ല, വിശ്വാസികൾക്കാകെ ആ ഉത്തരമറിയാൻ ആകാംക്ഷയുണ്ട്. 
ന്യായമായ മറ്റൊരു ചോദ്യം ഞാൻ ആവർത്തിക്കട്ടെ. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ശ്രീധരൻ പിള്ളയുടേത് ആർഎസ്എസിന്റെ നിലപാടാണോ?
 
കേസിന്റെ വിചാരണയിലുടനീളം സ്ത്രീപ്രവേശനം അനുവദിക്കണമെന്ന നിലപാടാണ് ആർഎസ്എസ് സ്വീകരിച്ചത്. ഒരു ഘട്ടത്തിൽപ്പോലും ബിജെപിയോ ശ്രീധരൻ പിള്ളയോ ഈ നിലപാടിനെ തള്ളിപ്പറഞ്ഞിട്ടില്ല. ആ നിലപാടിന്റെ തുടർച്ചയായിരുന്നു, വിധി വന്നയുടൻ അദ്ദേഹം നടത്തിയ പ്രതികരണം. ആ നിലപാടിൽ നിന്നാണ് പിന്നീട് തലകുത്തി മലക്കംമറിഞ്ഞത്. അതിന്റെ കാരണം ഇന്നത്തെ പത്രസമ്മേളനത്തിലും വ്യക്തമായി വിശദീകരിക്കപ്പെട്ടില്ല.
 
അക്കാര്യത്തിലും എന്തെങ്കിലും പറഞ്ഞൊഴിയാൻ അദ്ദേഹത്തിനു കഴിയില്ല. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംബന്ധിച്ച സുപ്രിംകോടതി വിധി അനുസരിക്കണമെന്ന് വളരെ വ്യക്തമായി ആർഎസ്എസ് നേതാവ് ഭയ്യാജോഷി നിലപാടു വ്യക്തമാക്കിയിട്ടുണ്ട്.
 
ഇക്കാര്യത്തിൽ പണ്ഡിതരുടെ ഒരു സമിതിയെ വെച്ച് തീർപ്പുണ്ടാക്കണമെന്നും അതിനു കഴിഞ്ഞില്ലെങ്കിൽ കോടതിയുടെ തീർപ്പിനു വഴങ്ങണമെന്നുമുള്ള അദ്ദേഹത്തിന്റെ ആവശ്യം മാഞ്ഞുപോയിട്ടൊന്നുമില്ല. ആ തീരുമാനം തങ്ങളും അംഗീകരിക്കുന്നുവെന്ന് കോടതിവിധിയ്ക്കു ശേഷവും രണ്ടു തവണ ശ്രീധരൻ പിള്ള മാധ്യമങ്ങളോടു പറഞ്ഞിരുന്നു. പിന്നീടാണ് മലക്കംമറിഞ്ഞത്. അതിന്റെ കാരണമാണ് ഞാനദ്ദേഹത്തോടു ചോദിച്ചത്. അതിനാണ് മറുപടി പറയേണ്ടത്.
 
ഇന്ന് മറുപടി പറഞ്ഞ തരത്തിലാണ് നിയമപാണ്ഡിത്യമെങ്കിൽ, അദ്ദേഹം കേസിൽ നേരത്തെ കക്ഷി ചേരാതിരുന്നത് നന്നായി എന്നു വിശ്വാസികൾക്ക് നെടുവീർപ്പിടേണ്ടി വരും. സ്ത്രീപ്രവേശനം വിലക്കുന്ന കേരള നിയമത്തിലെ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നു കണ്ട് റദ്ദാക്കുകയാണ് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചു ചെയ്തത്. ഭരണഘടനാവിരുദ്ധമെന്നു വ്യാഖ്യാനിച്ച് സുപ്രിംകോടതി ഭരണഘടനാബെഞ്ചു റദ്ദാക്കിയ ഒരു വകുപ്പ് ഓർഡിനൻസിലൂടെ വീണ്ടും സംസ്ഥാനം കൊണ്ടുവരണമെന്നു വാദിക്കുന്ന ശ്രീധരൻ പിള്ളയുടെ നിയമപരിജ്ഞാനത്തിന്റെ നിലവാരം ആ മേഖലയിലെ വിഗദ്ധർ തീരുമാനിക്കട്ടെ.
 
ഇക്കാര്യത്തിൽ ശ്രീധരൻ പിള്ളയോടുള്ള എന്റെ ചോദ്യം പ്രവീൺ തൊഗാഡിയയുടെ നിലപാടിനെക്കുറിച്ചായിരുന്നു. സമരവേദിയിലേയ്ക്ക് ഞങ്ങളല്ലല്ലോ അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുവന്ന്. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടേണ്ടത് കേന്ദ്രസർക്കാരാണ് എന്ന് നിങ്ങളുടെ സമരപ്പന്തലിൽ പ്രസംഗിക്കാൻ വന്ന ആളല്ലേ പറഞ്ഞത്. അദ്ദേഹത്തിന് അജ്ഞതയാണെന്നാണ് ഇപ്പോൾ സമരനായകൻ വാദിക്കുന്നത്. സമരത്തിനാധാരമായ വിഷയത്തിൽ ഇത്ര അജ്ഞതയുള്ളവരെയാണ് നിങ്ങൾ പ്രസംഗിക്കാൻ ക്ഷണിച്ചുവരുത്തുന്നതെങ്കിൽ എനിക്കൊന്നും പറയാനില്ല.
 
ഇക്കാര്യത്തിൽ ഞങ്ങളുടെ നിലപാട് നിയമനിർമ്മാണം വേണമെന്നല്ല. അതു കഴിയില്ല എന്നുള്ളതാണ്. കേന്ദ്രത്തിനും കഴിയില്ല. സംസ്ഥാനത്തിനും കഴിയില്ല. കേന്ദ്രത്തിനോ സംസ്ഥാനത്തിനോ നിയമനിർമ്മാണം വഴി പരിഹരിക്കാൻ കഴിയുന്ന പ്രശ്നത്തെക്കുറിച്ചല്ല നിങ്ങളുടെ സമരം. കേന്ദ്രത്തിന് വേണമെങ്കിൽ ഭരണഘടന തിരുത്താം. പക്ഷേ, അതു കത്തിച്ചു കളയണമെന്ന് ആക്രോശിക്കുന്നവർ തിരുത്താനൊക്കെ മെനക്കെടുമോ? 
ഇക്കാര്യത്തിൽ സുപ്രിംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നായിരുന്നു സംസ്ഥാന സർക്കാർ സുപ്രിംകോടതിയ്ക്കു നൽകിയ ഉറപ്പ്. വിലക്കു നീക്കി സ്ത്രീകളെ പ്രവേശിപ്പിക്കാനാണ് വിധിയെങ്കിൽ അങ്ങനെ. അതല്ല നിലവിലെ അവസ്ഥ തുടരണമെങ്കിൽ അങ്ങനെ. ഈ നിലപാടാണ് സംസ്ഥാന സർക്കാരിന്.
 
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് ഉറച്ചതാണ്. ശ്രീധരൻ പിള്ള ചെയ്യുന്നതുപോലെ നാഴികയ്ക്ക് നാൽപതുവട്ടം മാറുന്നതല്ല. സുപ്രിംകോടതിയ്ക്കു നൽകിയ ഉറപ്പ് ലംഘിക്കാൻ ഞങ്ങളില്ല. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനോ തടയാനോ ഈ സർക്കാരില്ല. തടയണമെന്ന ആചാരം നിലനിർത്തണമെന്നു വാദിക്കുന്നവർക്കാണ് അതിനുവേണ്ട കോടതിവിധി സമ്പാദിക്കാനുള്ള ഉത്തരവാദിത്തം.
 
അദ്ദേഹം ഇനിയും എനിക്കു മറുപടി പറയുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ആ സാഹചര്യത്തിൽ ചോദ്യങ്ങൾ ചോദ്യങ്ങളായി എണ്ണിപ്പറയാം.
 
1. വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാൻ എന്തുകൊണ്ട് ശ്രീധരൻ പിള്ളയും ബിജെപിയും സുപ്രിംകോടതിയിൽ കക്ഷി ചേർന്നില്ല?
 
2. ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയുടെ ഭരണഘടനാബെഞ്ച് റദ്ദാക്കിയ ഒരു വകുപ്പ് തിരിച്ചുകൊണ്ടുവരുംവിധം സംസ്ഥാന സർക്കാരിന് നിയമനിർമ്മാണത്തിന് അധികാരമുണ്ടെന്ന് ഏതു നിയമപുസ്തകത്തിലാണ് എഴുതിവെച്ചിട്ടുള്ളത്?
 
3. ശബരിമലയുടെ കാര്യത്തിൽ സുപ്രിംകോടതി വിധി അനുസരിക്കണമെന്ന ആർഎസ്എസ് നേതാവ് ഭയ്യാജോഷിയുടെ നിലപാടിനെ അംഗീകരിക്കുന്നുണ്ടോ?
 
4. ഇല്ലെങ്കിൽ എന്തുകൊണ്ടാണ് അക്കാലത്തു തന്നെ അതു തള്ളിപ്പറയാതിരുന്നത്?
 
5. ശബരിമലയിലെ ആചാരപരിഷ്കരണത്തിനുവേണ്ടി ആർഎസ്എസ് പ്രസിദ്ധീകരണമായ കേസരിയുടെ മുൻകൈ ബിജെപി അംഗീകരിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ആ ലേഖന പരമ്പരയെ അന്നു തന്നെ തള്ളിപ്പറയാത്തത് എന്തുകൊണ്ട്?
 
6. വ്രതാനുഷ്ഠാനത്തിന്റെ കാലാവധി പരിമിതപ്പെടുത്തി ശബരിമലയിൽ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആർഎസ്എസുകാരാണ് കേസരിയിലൂടെ ആവശ്യപ്പെട്ടത്. ഈ നിലപാട് വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണ് എന്നു കരുതുന്നുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട് അക്കാലത്ത് എതിർത്തില്ല?
 
ഹിന്ദുമതവിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ആർഎസ്എസ് ശ്രമിക്കുകയായിരുന്നു എന്ന അഭിപ്രായം താങ്കൾക്കുണ്ടോ?
 
അടുത്ത മറുപടി പറയുമ്പോൾ ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹര്‍ത്താലില്‍ ആക്രമണം അഴിച്ചുവിട്ട് സംഘപരിവാര്‍‍; നൂറോളം കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു - സ്വകാര്യവാഹനങ്ങളും അക്രമിക്കപ്പെട്ടു