Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഡിഎഫിന്റെ മിന്നും ജയത്തിനും എല്‍ഡിഎഫിന്റെ തകര്‍ച്ചയ്ക്കും ഇടയില്‍ സംഭവിച്ച അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങള്‍; തൃക്കാക്കരയിലെ അടിയൊഴുക്ക് ഒറ്റനോട്ടത്തില്‍

യുഡിഎഫിന്റെ മിന്നും ജയത്തിനും എല്‍ഡിഎഫിന്റെ തകര്‍ച്ചയ്ക്കും ഇടയില്‍ സംഭവിച്ച അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങള്‍; തൃക്കാക്കരയിലെ അടിയൊഴുക്ക് ഒറ്റനോട്ടത്തില്‍
, ശനി, 4 ജൂണ്‍ 2022 (11:46 IST)
2021 നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയില്‍ നിന്ന് കരകയറാന്‍ ആത്മവിശ്വാസം നല്‍കുന്ന മഹാവിജയമാണ് തൃക്കാക്കരയില്‍ യുഡിഎഫ് സ്വന്തമാക്കിയിരിക്കുന്നത്. ഉറച്ച കോട്ടയാണെങ്കിലും കാല്‍ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഒരു വിജയം യുഡിഎഫ് പോലും സ്വപ്‌നം കണ്ടിട്ടില്ല. 7,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയം ഉറപ്പെന്നായിരുന്നു എറണാകുളം ഡിസിസിയുടെ പോലും പ്രാഥമിക നിഗമനം. എന്നാല്‍ ആ കണക്കുകളെയെല്ലാം അപ്രസക്തമാക്കിയുള്ള വിജയം യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് തൃക്കാക്കരയില്‍ സ്വന്തമാക്കി. 
 
മറുവശത്ത് എല്‍ഡിഎഫ് ക്യാംപിന് ഈ തോല്‍വി അപ്രതീക്ഷിത പ്രഹരമായി. തോറ്റാല്‍ പോലും ഇത്ര വലിയ തോല്‍വി വഴങ്ങേണ്ടിവരുമെന്ന് അവര്‍ കരുതിയിട്ടില്ല. 2021 ല്‍ പി.ടി.തോമസിന് ഉണ്ടായിരുന്ന ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ചാല്‍ തന്നെ അതൊരു രാഷ്ട്രീയ വിജയമാകുമെന്ന് എല്‍ഡിഎഫ് ക്യാംപുകള്‍ വിലയിരുത്തിയിരുന്നു. അവിടെയാണ് ഭൂരിപക്ഷം കാല്‍ ലക്ഷം കടന്നത്. സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന നേതാവിനെ തന്നെ കൊണ്ടുവന്നിട്ടും 2021 ലെ വോട്ട് പോലും പിടിക്കാന്‍ ബിജെപിക്ക് സാധിച്ചതുമില്ല. എന്താണ് തൃക്കാക്കരയില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത്? യുഡിഎഫിന്റെ മഹാവിജയത്തിനു കാരണമായ, അല്ലെങ്കില്‍ എല്‍ഡിഎഫിനെ പ്രഹരമേല്‍പ്പിച്ച വസ്തുതകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. 
 
ഇടത് വിരുദ്ധ വോട്ടുകളുടെ ഏകീകരണമാണ് തൃക്കാക്കരയില്‍ ഇങ്ങനെയൊരു ജനവിധിക്ക് പ്രധാന കാരണം. ട്വന്റി 20, ആം ആദ്മി, വി ഫോര്‍ കൊച്ചി എന്നിവര്‍ക്ക് ശക്തമായ വോട്ട് ബാങ്ക് ഉള്ള മണ്ഡലമാണ് തൃക്കാക്കര. മാത്രമല്ല ട്വന്റി 20 യും ഇടതുപക്ഷവും തമ്മില്‍ കൊണ്ടും കൊടുത്തും ഏറ്റുമുട്ടുന്നത് ഇവിടെ പതിവ് കാഴ്ചയുമാണ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 13,000 ത്തില്‍ അധികം വോട്ടുകളാണ് ട്വന്റി 20 സ്ഥാനാര്‍ഥിയായ ഡോ.ടെറി തോമസ് പിടിച്ചത്. ഇത്തവണ ട്വന്റി 20 സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. മാത്രമല്ല മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ട്വന്റി 20 തുടക്കത്തില്‍ തന്നെ എല്‍ഡിഎഫിന് പ്രതികൂലമായ നിലപാടാണ് എടുത്തത്. സ്വാഭാവികമായി ട്വന്റി 20 വോട്ടുകള്‍ യുഡിഎഫ് പാളയത്തിലേക്ക് എത്തിയിട്ടുണ്ട്. ട്വന്റി 20 വോട്ടുകള്‍ക്ക് കേഡര്‍ സ്വഭാവം ഇല്ലെങ്കിലും തൃക്കാക്കരയില്‍ യുഡിഎഫിന്റെ വലിയ മാര്‍ജിനിലുള്ള വിജയത്തിനു ട്വന്റി 20 യുടെ നിലപാടും ഒരു കാരണമായിട്ടുണ്ട്. വി ഫോര്‍ കൊച്ചി, ആം ആദ്മി എന്നി പാര്‍ട്ടികളോട് അനുകൂല നിലപാടുള്ളവരില്‍ വലിയൊരു ശതമാനം ആളുകളും പഴയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അത്തരക്കാരുടെ വോട്ടും കോണ്‍ഗ്രസിലേക്ക് തന്നെ പോയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 
 
സഹതാപ തരംഗവും യുഡിഎഫിന് വലിയ ഗുണം ചെയ്തു. പി.ടി.തോമസിന്റെ വിയോഗത്തിനു ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യയെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് രണ്ടാമതൊന്ന് ചിന്തിക്കാതിരുന്നത് മുന്‍കാലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളെ കുറിച്ച് കൃത്യമായ ബോധ്യം ഉള്ളതിനാലാണ്. അരുവിക്കരയില്‍ ജി.കാര്‍ത്തികേയന്റെ മരണശേഷം മകന്‍ ശബരീനാഥനെ തന്നെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം വിജയം കണ്ടത് പോലെ ഉമ തോമസിന്റെ സ്ഥാനാര്‍ഥിത്വവും വിജയം കാണുമെന്ന് കോണ്‍ഗ്രസിന് തുടക്കത്തിലേ ഉറപ്പായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഈ സഹതാര തരംഗത്തില്‍ ഊന്നിയാണ് യുഡിഎഫ് മുന്നോട്ടു പോയത്. പി.ടി.തോമസിന്റെ മണ്ണ് പി.ടി.തോമസിന് തന്നെ വേണമെന്ന് കോണ്‍ഗ്രസ് വോട്ടര്‍മാര്‍ക്കിടയില്‍ ആവര്‍ത്തിച്ച് പറയുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയ വിഷയങ്ങള്‍ക്ക് അപ്പുറം പി.ടി.തോമസിനാണ് ഉമാ തോമസും കോണ്‍ഗ്രസ് നേതാക്കളും കൂടുതല്‍ പ്രാധാന്യം നല്‍കിയത്. 
 
ബിജെപി വോട്ടുകളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്. 2021 ല്‍ താരതമ്യേന ദുര്‍ബലനായ ഒരു സ്ഥാനാര്‍ഥിയെയാണ് ബിജെപി തൃക്കാക്കരയില്‍ നിര്‍ത്തിയത്. എന്നിട്ട് പോലും 15,483 വോട്ടുകള്‍ നേടി. ഇത്തവണ എ.എന്‍.രാധാകൃഷ്ണനെ പോലെ ശക്തനായ ഒരു നേതാവിനെ തൃക്കാക്കരയിലേക്ക് കൊണ്ടുവന്നിട്ടും 2021 നേക്കാള്‍ 2,500 ലേറെ വോട്ടുകള്‍ കുറഞ്ഞു. ബൂത്ത് തലത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനം വളരെ പരിതാപകരമായിരുന്നു. ബിജെപി വോട്ട് ചിതറിക്കപ്പെടാന്‍ ഇത് കാരണമായി. 
 
കെ റെയില്‍ പ്രക്ഷോഭങ്ങളും ഈ തിരഞ്ഞെടുപ്പിനെ ചെറിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. ആളുകളെ കുടിയിറക്കിയാണ് കല്ലിടല്‍ നടക്കുന്നതെന്ന പ്രതീതി വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തി. കെ റെയില്‍ മൂലമുണ്ടാകുന്ന വികസന നേട്ടങ്ങളെ എല്‍ഡിഎഫ് പ്രചാരണ ആയുധമാക്കിയപ്പോള്‍ യുഡിഎഫ് അതിന്റെ മറുവശമാണ് ജനങ്ങളില്‍ എത്തിച്ചത്. കെ റെയില്‍ കാരണം ഇവിടെ ആകെ പ്രശ്‌നങ്ങളും ദുരിതങ്ങളുമാണ് എന്ന പ്രതീതി വോട്ടര്‍മാരില്‍ എത്തിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും പരമാവധി ശ്രമിച്ചു. അത് ചെറിയ തോതിലെങ്കിലും വിജയം കണ്ടിട്ടുണ്ട്. എന്നാല്‍ ലോങ് ടേമില്‍ അത് എത്രത്തോളും യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കാത്തിരുന്ന് കാണാം.
 
എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന പ്രതീതിയുണ്ടാക്കി. ഇത് നിഷ്പക്ഷ വോട്ടര്‍മാരെ എല്‍ഡിഎഫിന് എതിരാക്കി. മാത്രമല്ല സഭയുടെ സ്ഥാനാര്‍ഥി എന്ന ലേബല്‍ കൊണ്ട് പരമ്പരാഗത ക്രൈസ്തവ വോട്ട് ബാങ്കിലേക്ക് കയറി ചെല്ലാന്‍ ഇടത് സ്ഥാനാര്‍ഥിക്ക് കഴിഞ്ഞതുമില്ല. ഇടത് സ്ഥാനാര്‍ഥിക്കെതിരെ യുഡിഎഫ് സൈബര്‍ ഇടങ്ങളില്‍ നടത്തിയ വ്യാപകമായ ക്യാംപെയ്‌നിങ് വലിയ തോതില്‍ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചക്രവാതചുഴിയും കാലവര്‍ഷക്കാറ്റും; അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത