‘വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ഉണ്ടാകില്ല’; മുന്നറിയിപ്പുമായി പാറമേക്കാവ് വിഭാഗം
വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ പൂരം ചടങ്ങ് മാത്രമാകുമെന്ന മുന്നറിയിപ്പുമായി പാറമേക്കാവ് വിഭാഗം
പരമ്പരാഗത വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം വെറും ചടങ്ങുമാത്രമാക്കി മാറ്റുമെന്ന മുന്നറിയിപ്പുമായി പാറമേക്കാവ് ദേവസ്വം. ശിവകാശി പടക്കങ്ങള്‍ ഉപയോഗിച്ചുളള വെടിക്കെട്ടിന് തങ്ങള്‍ തയ്യാറല്ല. വെടിക്കെട്ട് ഇല്ലെങ്കില്‍ കുടമാറ്റവും ഇലഞ്ഞിത്തറ മേളവും ഇത്തവണ ഉണ്ടാകില്ലെന്നും പാറമേക്കാവ് വിഭാഗം വ്യക്തമാക്കി
കഴിഞ്ഞ ദിവസം നടന്ന പൂരത്തിന്റെ കൊടിയേറ്റവും പാറമേക്കാവ് വിഭാഗം വെറുമൊരു ചടങ്ങുമാത്രമാക്കി ചുരുക്കിയിരുന്നു. കൊടിയേറ്റത്തിന് ശേഷമുളള ഭഗവതിയുടെ എഴുന്നളളിപ്പിന് ആനകളുടെ അകമ്പടി ഉണ്ടായിരുന്നില്ല. ഒരു ആനമാത്രമാണ് ഉണ്ടായത്. ആ ആനപ്പുറത്തായിരുന്നു ഭഗവതി എഴുന്നളളിയത്. കൂടാതെ ചെമ്പടമേളവും പേരിന് മാത്രമാണുണ്ടായത്.
മേളപ്രമാണി പെരുവനം കുട്ടന്‍മാരാര്‍ മേളത്തിന് തുടക്കമിട്ടശേഷം ചെണ്ടയൊഴിവാക്കി മേളക്കാര്‍ക്കിടയില്‍ നില്‍ക്കുകയും സഹായികള്‍ മേളം പൂര്‍ത്തിയാക്കുകയുമാണുണ്ടായത്. അതേസമയം തിരുവമ്പാടി വിഭാഗം പതിവുപോലെ കൊടിയേറ്റ് നടത്തി. അതേസമയം, വെടിക്കെട്ടിനുളള അനുമതിയുടെ കാര്യത്തില്‍ തിങ്കളാഴ്ചയോടെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.